Blog Story

വാര്‍ത്താവീക്ഷണം
Radio Media Village 90.8 FM November 24, 2026 Community Blog

വാര്‍ത്താവീക്ഷണം

  • കണക്കെടുപ്പിന് അല്പം കാത്തിരിക്കാം

പതിതരെയും പാവപ്പെട്ടവരെയും ചേര്‍ത്തുപിടിക്കുക എന്നത് ഏതു ഭരണാധികാരിയുടെയും സവിശേഷ നന്മയാണ്. അതു വെറും ബാഹ്യപ്രകടനമാവരുത്. അഥവാ അത് അങ്ങിനെയാണെങ്കില്‍ സമൂഹം തിരിച്ചറിയും. സമീപകാലത്ത് നമ്മുടെ മുഖ്യമന്ത്രി നടത്തുന്ന ഇത്തരം ചില ചേര്‍ത്തുപിടിക്കലുകള്‍ വിമര്‍ശകര്‍ക്ക് ബാഹ്യപ്രകടനമായി തോന്നുമെങ്കിലും സാധാരണ മനുഷ്യര്‍ക്ക് അത് അങ്ങിനെയല്ല തോന്നുക. അതിനൊരു നൈസര്‍ഗിതയുണ്ട്, സ്വാഭാവികതയുണ്ട്.

ഭരണാധികാരികള്‍ ഉഗ്രശാസനക്കാരായിരിക്കണമെന്നൊരു ധാരണ ചിലര്‍ക്കെങ്കിലുമുണ്ട്. തീരുമാന്ങ്ങള്‍ എടുക്കുന്നതിലും നടപടികള്‍ സ്വീകരിക്കുന്നതിലും അച്ചടക്കം പാലിക്കുന്നതിലും അതു പാലിക്കപ്പെടുന്നുണ്ടന്ന് ഉറപ്പാക്കുന്നതിലും നേതൃപദവികളില്‍ ഇരിക്കുന്നവര്‍ കാട്ടുന്ന മികവ് തീര്‍ച്ചയായും പ്രധാനംതന്നെ. അപ്പോള്‍ ചില കടുത്ത നിലപാടുകള്‍ ആവശ്യമായെന്നിരിക്കാം. പക്ഷേ അതു ധാര്‍ഷ്ട്യമായി മാറരുതെന്നു  മാത്രം.

മാറിമാറി വരുന്ന കേന്ദ്ര, സംസ്ഥാന സര്‍ക്കാരുകള്‍ നിരവധിയായ ക്ഷേമ പ്രവര്‍ത്തനങ്ങള്‍ പ്രഖ്യാപിക്കാറുണ്ട്, നടപ്പാക്കാറുണ്ട്. കേരളത്തിലെ സാമൂഹ്യ സുരക്ഷാ പെന്‍ഷന്‍ അത്തരത്തിലുള്ള ബൃഹത്തായ ഒരു ക്ഷേമ പദ്ധതിയാണ്. ലക്ഷക്കണക്കിന് ആളുകളാണ് അതിന്റെ പ്രയോജനം അനുഭവിക്കുന്നത്. എല്ലാവരും അതിന് അര്‍ഹതയുള്ളവരാണോ എന്നതൊക്കെ മറ്റൊരു വിഷയം. അനര്‍ഹര്‍ റേഷന്‍ ആനുകൂല്യങ്ങള്‍ കൈപ്പറ്റുന്നതിന്റെ കണക്കുകള്‍ ഈയിടെ പുറത്തുവന്നിരുന്നു.

ഇതെക്കുറിച്ചൊക്കെ വ്യക്തമായ ധാരണകളുള്ള നേതാക്കള്‍പോലും രാഷ്ട്രീയ സാധ്യതകള്‍ നഷ്ടപ്പെടാതിരിക്കാന്‍ ഇത്തരം വിഷയങ്ങള്‍ സൗകര്യപൂര്‍വം വിട്ടുകളയുകയാണു പതിവ്. അതേസമയം സ്വകാര്യ സംഭാഷണങ്ങളില്‍ പലരും വമ്പന്‍ അഭിപ്രായങ്ങള്‍ പറയാറുമുണ്ട്.

യുജിസി, സിവില്‍ സര്‍വീസ് റിട്ടയര്‍മെന്റിനുശേഷം വന്‍തുക പെന്‍ഷന്‍  വാങ്ങുന്നവര്‍ പലപ്പോഴും പഴി കേള്‍ക്കാറുണ്ട്. എന്തിന്, വളരെ ചെറിയൊരുകാലം മന്ത്രിയുടെ പേഴ്‌സണല്‍ സ്റ്റാഫില്‍ ജോലി ചെയ്യുന്നവര്‍ക്കുപോലും പെന്‍ഷന്‍ കിട്ടുന്നു. പി. എസ്. സി. പോലുള്ള ഭരണഘടനാ സ്ഥാപനങ്ങളിലും ചില പൊതുമേഖഖലാ സ്ഥാപനങ്ങളിലും കയറിപ്പറ്റുന്നവര്‍ക്കു ലഭിക്കുന്ന പ്രതിഫലവും പെന്‍ഷനുമൊക്കെ സമീപനാളുകളില്‍ വലിയ വിവാദം ഉയര്‍ത്തിയിരുന്നു. ഇതൊന്നും ഉടനെയെങ്ങും മാറാന്‍ പോകുന്നില്ല. കാരണം ഇക്കാര്യങ്ങളിലൊക്കെ തീരുമാനമെടുക്കുന്നവര്‍ തന്നെയാവും ഇതൊക്കെ പരോക്ഷമായി പ്രോത്സാഹിപ്പിക്കുന്നത്. അവരാവും നയപരമായ തീരുമാനങ്ങളെ സ്വാധീനിക്കുന്നവര്‍. എല്ലാവര്‍ക്കും ഏകീകൃത പെന്‍ഷന്‍ എന്നൊക്കെ പറഞ്ഞ് ചിലര്‍ രംഗത്തുണ്ടെങ്കിലും ഒരിക്കലും നടക്കാത്ത സുന്ദരമായ സ്വപ്നംപോലെ അത് അവശേഷിക്കുന്നു.

ചില കാര്യങ്ങളില്‍ ശക്തമായ നിലപാടുകള്‍ സ്വീകരിക്കുന്നതും ഭാവനാപൂര്‍മായ പദ്ധതികള്‍ ആരംഭിക്കുന്നതും ഇതിനിടെ കാണാതിരിക്കാനാവില്ല. അതിലൊന്നായിരുന്നു പുതിയ സര്‍ക്കാരിന്റെ വയോജന വകുപ്പ്. ഇത്തരമൊരു വകുപ്പ് രൂപീകരിക്കുന്ന ഇന്ത്യയിലെ പ്രഥമ സംസ്ഥാന സര്‍ക്കാര്‍ എന്ന ഖ്യാതിയും ഇതിലൂടെ കേരളത്തിനു ലഭിച്ചു. പ്രഖ്യാപനത്തിനുശേഷമുള്ള കുറെ നാളുകള്‍ വലിയ അനക്കമൊന്നും ഉണ്ടായില്ലെങ്കിലും അടുത്തകാലത്ത് വയോജനവകുപ്പിന്റെ പ്രവര്‍ത്തനങ്ങള്‍ സജീവമാക്കാനുള്ള ശ്രമം ആരംഭിച്ചിട്ടുണ്ട്. ഉദ്യോഗസ്ഥര്‍ക്കു ചുമതല നല്‍കുകയും ചെയ്തു.

ആശാ വര്‍ക്കര്‍മാര്‍ പോലുള്ള വരുടെ കാര്യത്തില്‍ ഇടപെട്ടതും സര്‍ക്കാരിന്റെ തുടക്കത്തില്‍ നല്ല പ്രതിച്ഛായ സൃഷ്ടിച്ചു. അടുത്തകാലത്ത് എല്‍പിഎസ്എ റാങ്ക് ജേതാക്കള്‍ സെക്രട്ടേറിയറ്റ് പടിക്കല്‍ നടത്തിയ നിരാഹാര സമരവും ചില ഉറപ്പുകളുടെ അടിസ്ഥാനത്തില്‍ പിന്‍വലിക്കപ്പെട്ടു. ആ വിഷയം നല്ലൊരു രാഷ്ട്രീയ ആയുധമാക്കാന്‍ പ്രതിപക്ഷം തങ്ങളുടെ അവസരം ഉപയോഗിക്കുകയും ചെയ്തു. ഇത്തരം പല കാര്യങ്ങളിലും എന്തെങ്കിലുമൊക്കെ ചെയ്യാന്‍ അവസരമുണ്ടായിട്ടും അതു ചെയ്യാതെ അധികാരം കൈവിട്ടുപോകുമ്പോള്‍ വലിയ ആവേശം കാട്ടുന്നത് അപഹാസ്യമെന്നേ പറയേണ്ടൂ.

ഏതായാലും ദുര്‍ബലരെ ചേര്‍ത്തുപിടിക്കാനുള്ള ശ്രമം പുതിയ സര്‍ക്കാര്‍ അനുസ്യൂതം തുടരുന്നു എന്നത് ശുഭോദര്‍ക്കം തന്നെ. ആരുടെ ഭാഗത്തുനിന്നായാലും നല്ല നീക്കങ്ങള്‍ ഉണ്ടാകുമ്പോള്‍ മാധ്യമങ്ങളും പൊതുമൂഹവും അത് അംഗീകരിക്കുകതന്നെ വേണം. അതാണല്ലോ ആരോഗ്യകരമായ ജനധിപത്യത്തിന്റെ ധര്‍മവും.

ഭിന്നശേഷിക്കാര്‍ക്കായി സംസ്ഥാന സര്‍ക്കാര്‍ വലിയൊരു പദ്ധതി ആവിഷ്‌കരിക്കുമെന്ന മുഖ്യമന്ത്രി വി.ഡി. സതീശന്റെ പ്രസ്താവന ഏറെ സ്വാഗതാര്‍ഹമാണ്. മാന്നാനത്ത് വിശുദ്ധ ചാവറ കുര്യാക്കോസ് എലിയാസ് അച്ചന്റെ  വിശുദ്ധ പദവി പ്രഖ്യാപനത്തിന്റെ വാര്‍ഷികത്തോട് അനുബന്ധിച്ചു നടന്ന ചടങ്ങിലാണ് മുഖ്യമന്ത്രി  ഈ പ്രഖ്യാപനം നടത്തിയത്. ഡിസംബര്‍ മൂന്ന് ഭിന്നശേഷി ദിനമാണ്. അതിനു മുന്നോടിയായി ഡിസംബര്‍ രണ്ടിനാവും ഇതു സംബന്ധിച്ച വിശദാംശങ്ങള്‍ പ്രഖ്യാപക്കുക.

ഭിന്നശേഷിക്കാരുടെ കാര്യത്തില്‍ പൊതുസമൂഹവും സര്‍ക്കാരും എന്തെല്ലാം ചെയ്താലും അത് അധികമാവില്ല. സമീപ നാളുകളില്‍ പല ചടങ്ങുകളിലും മുഖ്യമന്ത്രി ഭിന്നശേഷിക്കാരായ കുട്ടികളും മുതിര്‍ന്നവരുമായി അടുത്ത് ഇടപെടുന്നതിന്റെ ചില മനോഹര ദൃശ്യങ്ങള്‍ സമൂഹ മാധ്യമങ്ങളില്‍വന്നിരുന്നു. അത് അദ്ദേഹത്തെ ആഴത്തില്‍ സ്പര്‍ശിച്ചുവെന്നു വ്യക്തമാക്കുന്നതാണ് ഇന്നലെ മുഖ്യമന്ത്രി മാന്നാനത്തു നടത്തിയ പ്രഖ്യാപനം.

ഭിന്നശേഷിക്കാര്‍ക്കായി മറ്റൊരു സംസ്ഥാനത്തും ഇല്ലാത്തതും രാജ്യത്തിനാകെ മാതൃകയാകുന്നതുമായ പദ്ധതിയായിരിക്കും കേരളത്തില്‍ നടപ്പാക്കുക എന്നു മുഖ്യമന്ത്രി പറഞ്ഞിട്ടുണ്ട്. തീര്‍ച്ചയായും ഭിന്നശേഷിക്കാരും അവരുടെ രക്ഷിതാക്കളും മാത്രല്ല, കേരളീയ സമൂഹം ഒന്നാകെ ഇത്തരം നീക്കങ്ങളെ ഹൃദയപൂര്‍വം സ്വീകരിക്കും. ലഹരിക്കെതിരേയുള്ള തൂഫാന്‍ പോരാട്ടവും രാജ്യത്തിനു മാതൃകയായി മാറിയിട്ടുണ്ട്. പ്രധാനമന്ത്രിയും അഭ്യന്തര മന്ത്രിയുമൊക്കെ ലഹരിക്കെതിരേയുള്ള പോരാട്ടത്തിന്റെ പ്രധാന്യം എടുത്തുപറയുന്നുണ്ട്.

സര്‍ക്കാരിന്റെ ഭാഗത്തുനിന്നു മാത്രമല്ല, സാമൂഹ്യ സംഘടനകളടെയും മത, സാമുദായിക പ്രസ്ഥാനങ്ങളുടെയും നേതൃത്വത്തില്‍ നിരവധിയായ കാരുണ്യ പ്രവര്‍ത്തനങ്ങള്‍ നമ്മുടെ നാട്ടില്‍ നടക്കുന്നുണ്ട്. അതേസമയം ഇതൊക്കെ തട്ടിപ്പിനു മറയാക്കുന്നവരും കുറവല്ല. ഏതു സമൂഹത്തിലും കാണും ഇത്തരം ഇത്തിള്‍കണ്ണികള്‍. അവയെ പറിച്ചുനീക്കി സമൂഹ ഗാത്രത്തെ ശക്തിപ്പെടുത്തേണ്ടത് സര്‍ക്കാരിന്റെ ദൗത്യമാണ്.

വി.ഡി സതീശന്‍ സര്‍ക്കാര്‍ അധികാരമേറ്റിട്ട് ആറു മാസം മാത്രമേ പിന്നിട്ടിട്ടുള്ളുവെങ്കിലും കണക്കെടുപ്പുകള്‍ തകൃതിയായി നടക്കുന്നുണ്ട്. ഏറെക്കാലം അധികാരത്തിലിരുന്നവര്‍ മാത്രമല്ല, പത്തുവര്‍ഷത്തെ ഇടവേളയ്ക്കുശേഷം അധികാരം കിട്ടിയവരില്‍ ചിലരും അതിനായി ശ്രമിക്കുന്നവരുമൊക്കെ ഈ കണക്കെടുപ്പുകളിലൂടെ മറ്റു ചില കണക്കുകൂട്ടലുകള്‍ നടത്തുകയാണ്.

പുതിയ സര്‍ക്കാരിന്റെ പ്രോഗ്രസ് റിപ്പോര്‍ട്ട് പരിശോധിക്കാന്‍ ഭൂതക്കണ്ണാടിയുമായി ഇരിക്കുന്നവര്‍ അവര്‍ക്ക് രണ്ടു വര്‍ഷത്തെ കാലാവധിയെങ്കിലും നല്‍കണ്ടേ? പിന്നെയുമുണ്ടല്ലോ മൂന്നുവര്‍ഷംകൂടി. എന്നിട്ടും നന്നാകുന്നില്ലെങ്കില്‍ പിന്നയുമുണ്ട് മാര്‍ഗം. അതുകൊണ്ടുതന്നെ എന്തെങ്കിലുമൊക്കെ ചെയ്യുകയല്ല, കൃത്യമായ ലക്ഷ്യബോധത്തോടെ പറയുന്ന കാര്യങ്ങള്‍ ഫലപ്രാപ്തിയിലെത്തിക്കാന്‍ ഒറ്റക്കെട്ടായി നീങ്ങുകയാണു വേണ്ടത്. അതാണ് ജനം ആഗ്രഹിക്കുന്നതും. അത് ഒരു മുഖ്യമന്ത്രിക്കു മാത്രമായി ചെയ്യാനാവില്ലെന്നും തിരിച്ചറിയണം.

നന്ദി, നമസ്‌കാരം.

രചന: സെര്‍ജി ആന്റണി 

Share this article

3 Lakhs

Active Listeners

22

Sub Stations

300+

Charity Activities

150+

Social Initiatives