കൂടിയാലോചന, സമവായം, പക്ഷപാതപരമല്ലാത്ത തീരുമാനങ്ങള്‍ എന്നിവാണ് ഏതു പ്രസ്ഥാനത്തെയും ഊര്‍ജസ്വലമാക്കുന്നത്. ഭരണരംഗത്ത് ഇതെല്ലാം പരമപ്രധാനമാണ്. സര്‍ക്കാരിന്റെ നയപരമായ തീരുമാനങ്ങള്‍ തുടങ്ങി പ്രാദേശിക ഭരണകൂടങ്ങളുടെ തീരുമാനങ്ങളില്വരെ നിലപാടുകള്‍ നിര്‍ണായകമാണ്. ഉന്നത ഭരണതലത്തിലാവട്ടെ അതിനു നേതൃത്വം നല്‍കുന്നവരുടെ നിലപാടുകള്‍ വളരെ പ്രധാനമാണ്.
ജനാധിപത്യ ഭരണക്രമത്തില്‍ ഒരു സര്‍ക്കാരിനെ നയിക്കുക എന്നത് വളരെ ക്ലേശകരമായ ദൗത്യമാണ്. മുന്നണി സംവിധാനത്തില്‍ അതു കുടുതല്‍ വെല്ലുവിളി നിറഞ്ഞതാവും. കേന്ദ്ര സര്‍ക്കാരിനെ സംബന്ധിച്ചിടത്തോളം ദൈനംദിന ഭരണത്തിന് ഇപ്പോള്‍ വലിയ വെല്ലുവിളികളില്ല. പ്രതിപക്ഷസമരങ്ങളും വിദ്യാര്‍ഥി യുവജന പ്രക്ഷോഭങ്ങളും രൂക്ഷമാകുമ്പോഴും അതിനെ അതിജീവിക്കാന്‍ അവര്‍ക്കു കഴിയുന്നുണ്ട്. തന്ത്രപരമായ നീക്കങ്ങളിലൂടെ പ്രക്ഷോഭകരെ കൈകാര്യം ചെയ്തും പ്രതിപക്ഷസഖ്യത്തില്‍ വിള്ളലുകളുണ്ടാക്കിയും രാഷ്ട്രീയ മുന്‍തൂക്കം നിലനിര്‍ത്താന്‍ വലിയൊരു പരിധിവരെ സാധിക്കുന്നുണ്ട്.
ഉത്തര്‍പ്രദേശ് ഉള്‍പ്പെടെ നിര്‍ണായകമായ സംസ്ഥാന നിയമസഭാ തെരഞ്ഞെടുപ്പുകള്‍ക്കുള്ള ഒരുക്കം തുടങ്ങിക്കഴിഞ്ഞു. മുഖ്യമന്ത്രി യോഗി ആദിത്യനാഥിനെത്തന്നെ മുന്നില്‍നിര്‍ത്തി വോട്ടു ചോദിക്കാനാണ് ബിജെപി ആഗ്രഹിക്കുന്നത്. അതേസമയം പ്രതിപക്ഷ ഇന്ത്യാ സഖ്യത്തില്‍ സീറ്റു വിഭജനക്കാര്യത്തില്‍ അസ്വാരസ്യം വര്‍ധിക്കുകയാണ്. ചില സമീപകാല തെരഞ്ഞെടുപ്പു വിജയങ്ങളുടെ ബലത്തില്‍ കോണ്‍ഗ്രസ് കൂടുതല്‍ നിയമസഭാ സീറ്റുകള്‍ക്കുവേണ്ടി വാദിക്കുന്നുണ്ടെങ്കിലും യുപിയില്‍ നിര്‍ണായക സ്വാധീനമുള്ള സമാജ് വാദി പാര്‍ട്ടി ഇനിയും വഴങ്ങാന്‍ തയാറായിട്ടില്ല.
യുപിയില്‍ ബിജെപി നേതൃത്വത്തിലുള്ള എന്‍ഡിഎ സഖ്യത്തില്‍ അവര്‍തന്നെയാണ് പ്രധാനമായും കാര്യങ്ങള്‍ നിശ്ചയിക്കുന്നത്. രാഷ്ട്രിയ ലോക്ദളും അപ്നാ ദളുമൊക്കെ ചെറിയ വിഹിതം കൊണ്ടു തൃപ്തിപ്പെട്ടുകൊള്ളും. പ്രതിപക്ഷ നിരയില്‍ അഖിലേഷ് യാദവിന്റെ സമാജ് വാദി പാര്‍ട്ടിതന്നെ പ്രധാനം. കോണ്‍ഗ്രസ് തിരിച്ചുവരവിനു ശ്രമിക്കുന്നുണ്ടങ്കിലും നിലവില്‍ അഖിലഷിന്റെ നിലപാടുകള്‍ നിര്‍ണാകമാവും. ഇന്ത്യാ സഖ്യത്തിലെ ഇത്തരം പടല പിണക്കങ്ങള്‍ യോഗി ആദിത്യനാഥിന് മൂന്നാം ടേം സമ്മാനിക്കുമോ എന്നാണ് അറിയേണ്ടത്. യുപിയിലെ ഭരണം കേന്ദ്ര ഭരണത്തിന്റെ വഴി സുഗമമാക്കുന്നു എന്നാണ് പൊതുവേ കണക്കാക്കപ്പെടുന്നത്. അതുകൊണ്ടുതെന്നെ ഇന്ത്യാ സഖ്യത്തിന് വിട്ടുവീഴ്ചകളോടുകൂടിയ തീരുമാനങ്ങള്‍ നിര്‍ണായകമാവും.
കേരളത്തിലെ രാഷ്ട്രീയ സ്ഥിതിഗതകളില് പെട്ടെന്നൊരു മാറ്റം ഉണ്ടാവാനിടയില്ല. എങ്കിലും യുഡിഎഫ് സര്‍ക്കാര്‍ ആറു മാസം പിന്നിടുമ്പോള്‍ പരാതികളും പരിഭവങ്ങളും ഏറെയാണ്. മുഖ്യമന്ത്രിയുടെ പ്രവര്‍ത്തനശൈലിയാണ് കോണ്‍ഗ്രസിലെ ഒരു വിഭാഗത്തിന്റെ പ്രധാന പ്രശ്നം.
പത്തുവര്‍ഷത്തെ തുടര്‍ഭരണം ഉദ്യോഗസ്ഥ തലത്തില്‍ മാത്രമല്ല മറ്റു പല മേഖലകളിലും പിടിമുറുക്കാന്‍ സഹായകമായി. സഹകരണ മേഖല ഇപ്പോഴും എല്‍ഡിഎഫ് നിയന്ത്രണത്തിലാണ്. വിദ്യാഭ്യാസ രംഗത്തും സര്‍ക്കാര്‍ വിരുദ്ധ നിലപാടുകള്‍ ശക്തമാണ്. ഉന്നത വിദ്യാഭ്യാസ രംഗത്ത് ഇടതുപക്ഷത്തിനു മുന്‍തൂക്കമുള്ള സിന്‍ഡിക്കറ്റുകളും മറ്റും സര്‍ക്കാര്‍ തീരുമാനങ്ങളെ തകിടം മറിക്കുന്നുണ്ട്. ചാന്‍സലറുടെ ചൊല്‍പ്പടിക്കു നില്ക്കുന്ന വൈസ് ചാന്‍സലര്‍മാരും സംസ്ഥാന സര്‍ക്കാരിനും വേണ്ട്ത്ര തലവേദന ഉണ്ടാക്കുന്നു.
വിവാദക്കൊടുങ്കാറ്റില്‍ ആ്ഞ്ഞുലയുന്ന സംസ്ഥാന പബ്ലിക് സര്‍വീസ് കമ്മീഷനില്‍ ചെയര്മാന് ഉള്‍പ്പെടെ 16 പേരും ഇടതുഭരണകാലത്ത് നിയമിക്കപ്പെട്ടവരാണ്. അഞ്ചു പുതിയ അംഗങ്ങളെ നിയമിക്കാന്‍ ഇന്നലെ മന്ത്രിസഭായോഗം അനുമതി നല്‍കിയെങ്കിലും അതെച്ചൊല്ലിയുള്ള തര്‍ക്കങ്ങളും തുടരുന്നു. കോണ്‍ഗ്രസില്‍നിന്ന് നാലു പേരും മുസ്ലിംലീഗില്‍നിന്ന് ഒരാളും ഇതില്‍ ഉള്‍പ്പെടുന്നു. കേരള കോണ്‍ഗ്രസും അവകാവാദം ഉന്നയിച്ചിരുന്നുവെങ്കിലും ഇപ്പോഴത്തെ പട്ടികയില്‍ അവര്‍ പെട്ടിട്ടില്ല. ഇതിനിടെ പിഎസ്സിയെ മൊത്തം പിരിച്ചുവിടണമെന്ന് ഗവര്‍ണറുടെ അഭ്യര്‍ഥന രാഷ്ട്രപതിയുടെ മുമ്പാകെ എത്തിയിട്ടുണ്ട്. അവിടെനിന്ന് അനുകൂലമായൊരു ഉത്തരവ് ഉണ്ടായാല്‍ എല്ലാവരുടെയും അവകാശവാദങ്ങള്‍ അനുവദിച്ചുകൊടുക്കാനായേക്കും. അപ്പോഴും 21 അംഗ് പിഎസ് സി അനാവശ്യമല്ലേ എന്ന ചോദ്യം ഉയരുന്നു.
ഇപ്പോഴത്തെ ഭരണപക്ഷം പ്രതിപക്ഷത്തിരുന്നപ്പോള്‍ പിഎസ് സിയിലെ ഈ ആള്ക്കട്ടത്തെക്കുറിച്ച് പരാതി ഉന്നയിച്ചിരുന്നതാണ്. പക്ഷേ ഭരണത്തിലെത്തുമ്പോള്‍ ആരായാലും പണ്ടു പറഞ്ഞതൊക്കെ സൗകര്യപൂര്‍വം മറക്കുകയാണ് പതിവ്. പിഎസ് സി നിയമത്തില്‍ മാത്രമല്ല ഗുരുവായൂര്‍ ദേവസ്വം നിയമനത്തിലും, ബോര്‍ഡ്, കോര്പറേഷന് നിയമനം വൈകുന്നതിലുമൊക്കെ ഭരണപക്ഷത്ത് കടുത്ത അതൃപ്തി നുരയുന്നുണ്ട്. അതിന്റെ വിഴുപ്പലക്കലും തകൃതിയായി നടക്കുന്നു.
കെപിസിസി പ്രസിഡന്റുപോലും പരാതി തുറന്നു പറയുന്നു. പരാതികള്‍ പലതും ഉയര്‍ന്നെങ്കിലും പിഎസ് സി നിയമനക്കാര്യത്തില്‍ തീരുമാനം ഏകകണ്ഠമായിരുന്നുവെന്നാണ് ഔദ്യോഗിക ഭാഷ്യം. തര്‍ക്കവും വിമര്‍ശനവുമൊക്കെ ജനാധിപത്യത്തിന്റെ മനോഹാരികയാണെന്നു വിശേഷിപ്പിച്ച് മുഖ്യമന്ത്രിയും തടിതപ്പി.
പരിഭവങ്ങള്‍ ഏറെ ഉണ്ടെന്നത് യാഥാര്‍ഥ്യംതന്നെ. ഭരണകൂടത്തിന്റെ അഭിപ്രായസമന്വയം തീരുമാനങ്ങളുടെ സുതാര്യത ഉറപ്പാക്കും. അതിനു പലപ്പോഴും കഴിയുന്നില്ല. പറയേണ്ട കാര്യങ്ങള്‍ തുറന്നു പറയാം എന്നത് ജനാധിപത്യ ഭരണക്രമത്തില്‍ ചെറിയ കാര്യമല്ല. എന്നാല്‍ അത്തരം അഭിപ്രായപ്രകടനങ്ങളെ എത്രമാത്രം പരിഗണിക്കുന്നുവെന്നതു പ്രധാനമാണ്.
പിഎം ശ്രീ പദ്ധതിയില്‍ മുന്‍ എല്‍ഡിഎഫ് സര്‍ക്കാര്‍ ഒരു ദുര്‍ബല നിമിഷത്തില്‍ ഒപ്പിട്ടു പോയതാണെന്ന് എല്‍ഡി എഫ് കണ്‍വീനര്‍ ടി.പി.രാമകൃഷ്ണന് കഴിഞ്ഞദിവസം ഏറ്റുപറഞ്ഞു. അന്നു ചെയ്തത് ശരിയായില്ലെന്ന് സമ്മതിച്ച കണ്‍വീനര്‍ പിഎം ശ്രീയെ എതിര്‍ത്ത അന്നത്തെ പ്രതിപക്ഷത്തിന്റെ ഇപ്പോഴത്തെ നിലപാടിനെ നിശിതമായി വിമര്‍ശിച്ചു. അധികാരത്തിലിരിക്കുമ്പോള്‍ ചെയ്യാവുന്ന കാര്യങ്ങള്‍ ചെയ്യാതിരിക്കുന്നതിനെക്കുറിച്ച് അധികാരത്തിനു പുറത്താവുമ്പോള്‍ പരിതപിച്ചിട്ടു കാര്യമില്ല. കേന്ദ്രത്തിലായാലും സംസ്ഥാനങ്ങളിലായാലും ലഭ്യമായ അവസരങ്ങള്‍ ഉപയോഗിച്ച് നാടിനും ജനങ്ങള്‍ക്കും ഉപകാരപ്രദമായ കാര്യങ്ങള്‍ ചെയ്യുന്നതിലാവണം ഭരണാധികാരികളും ജനനേതാക്കളും ശ്രദ്ധ ചെലുത്തേണ്ടത്.
നന്ദി, നമസ്കാരം.
രചന : സെര്‍ജി ആന്റണി
3 Lakhs
Active Listeners
22
Sub Stations
300+
Charity Activities
150+
Social Initiatives