Blog Story

വാര്‍ത്താവീക്ഷണം
Radio Media Village 90.8 FM November 17, 2026 Community Blog

വാര്‍ത്താവീക്ഷണം

  • അധികാരത്തിന്റെ അപ്പക്കഷണങ്ങള്‍

അധികാരം ആരെയാണ് മത്തു പിടിപ്പിക്കാത്തത്. ലോകചരിത്രത്തോളം തന്നെ പഴക്കമുണ്ട് അധികാര പ്രമത്തതയുടെ ആ പ്രൗഡിക്കും സന്തോഷത്തിനും. രാജഭരണകാലം മുതല്‍ കാണുന്നതാണത്. പിന്നീട് സ്വേച്ഛാധിപതികള്‍ അതിന്റെ രാക്ഷസരൂപം നമുക്കു കാണിച്ചുതന്നു. 1933 മുതല്‍ 1945 വരെ ജര്‍മനിയെ അടക്കി ഭരിച്ച് അറുപതു ലക്ഷം യഹൂദരെ ഉള്‍പ്പെടെ അനേകരെ കൊന്നൊടുക്കിയ അഡോള്‍ഫ് ഹിറ്റിലറെപ്പോലുള്ളവര്‍ ഇന്നും ഓര്‍മിക്കപ്പെടുന്നത് അധികാരത്തിന്റെ അമിതോപയോഗത്തിന്റെ പേരില്‍ മാത്രമല്ല, അതിന്റെ അതിക്രൂരമായ നടത്തിപ്പിന്റെയും പേരിലാണ്. മനുഷ്യമാസം ഭക്ഷിക്കുമെന്നായിരുന്നു ഉഗാണ്ടയിലെ ഏകാധിപതിയായിരുന്ന ഇദി അമിനെ കുറിച്ചുള്ള കഥ. പുസ്തകരചയിതാക്കള്‍ എരിവും പുളിയും കുറെ ചേര്‍ത്തിട്ടുണ്ടാവുമെങ്കിലും അതൊരു കെട്ടുകഥ ആയിരുന്നില്ല.

ആധുനിക കാലത്തും ഏകാധിപതികള്‍ കുറവല്ല. സോവ്യറ്റ് യൂണിയനിലെ ജോസഫ് സ്റ്റാലിനും ഇറ്റലിയിലെ മുസ്സോളിനിയും ഒക്കെ ഇരുപതാം നൂറ്റാണ്ടിലെ ക്രൂരരായ ഭരണാധികാരികളുടെ പട്ടികയിലുണ്ട്. ലോകം വന്‍പുരോഗതിയുടെ ഇരുപത്തൊന്നാം നൂറ്റാണ്ടിലുടെ കടന്നുപോകുമ്പോഴും അധികാര രാഷ്ട്രീയത്തിന്റെ കൊടും ക്രൂരതകള്‍ക്കു കുറവൊന്നുമില്ല. അത് ആഫ്രിക്കയിലും ഏഷ്യയിലും യൂറോപ്പിലും അമേരിക്കന്‍ നാടുകളിലുമൊക്കെ അരങ്ങു തകര്‍ക്കുന്നു. ഉത്തര കൊറിയയിലെ കിം ജോംഗ് ഉനും സുഡാനിലെയും സിംബ് ബാബ് വേയിലയും എറിട്രിയയിലെും ഏകാധിപത്യ ഭരണകൂടങ്ങളും സമകാലിക ചരിത്രം. സിറിയയിലെയും ഇറാനിലെയും ക്യൂബയിലെയും വെനിസ്വേലയിലുമൊക്ക ഭരണകൂട ക്രൂരതകളുടെ എത്രയോ കഥകളാണ് നാം കേള്‍ക്കുന്നത്.

ഇതൊക്കെ ലോകകാര്യങ്ങള്‍. ഇനിയിപ്പോള്‍ ജനാധിപത്യത്തിന്റെ ഈറ്റില്ലങ്ങളിലേക്കു വന്നാലും സ്ഥിതി ദയനീയമാണ്. അധികാരത്തര്‍ക്കത്തിന്റെയും അധികാരത്തിമിര്‍പ്പിന്റെയും പുതുയുഗ കഥകളാണ് എവിടെയും. ജനാധിപത്യമെന്ന മധുര മനോജ്ഞമായ വാക്കിന്റെ ബലത്തില്‍ തികഞ്ഞ ഏകാധിതപത്യപ്രവണതകള്‍ പുണരുന്ന ഭരണകുടങ്ങള്‍ നമുക്കു പുതുമയല്ലാതായിരിക്കുന്നു.

ലോകത്തിലെ ഏറ്റവും വലിയ ജനാധിപത്യ രാജ്യമെന്നാണ് ഇന്ത്യയെ നാം വിശേഷിപ്പിക്കുന്നത്. ഇവിടെയും ജനാധിപത്യം കഴുവിലേറ്റപ്പെട്ടിട്ടുണ്ട്. ജനം അതു തിരിച്ചുപിടിച്ചിട്ടുമുണ്ട്. ജനാധിപത്യത്തെ ഏകാധിപത്യത്തിന്റെ തടവറയിലാക്കാന്‍ ഇപ്പോഴും ശ്രമം നടക്കുന്നു. അതിനെതിരേ പാറ്റകളെപ്പോലെ പറന്നെത്തുന്ന യുവജനമുന്നേറ്റമുണ്ട്. ചില്ലുമേടകളിലിരുന്ന് ആദര്‍ശ സംവാദങ്ങള്‍ നടത്തുന്നവരുടെ കാലം കഴിഞ്ഞിരിക്കുന്നു. തെരുവില്‍ പ്രക്ഷോഭത്തിന്റെ കനല്‍ക്കട്ടകള്‍ വിതറുന്നവരെ അത്ര പെട്ടന്ന് അവഗണിച്ചുപോകാനാവില്ല. അപ്പോഴാണ് അധികാരക്കസേരകളില്‍ നിന്നു ചിലരൊക്കെ മറിഞ്ഞുവീഴുന്നത്.

കേന്ദ്രത്തിലായാലും സംസ്ഥാനങ്ങളിലായാലും അധികാക്കസേരകള്‍ക്കുവേണ്ടിയുള്ള ആക്രാന്തം പലരുടെയും സമനില തെറ്റിക്കുന്നു. അധികാരം ജനങ്ങള്‍ക്കുവേണ്ടിയാണെന്നൊക്കെ വീരവാദം മുഴക്കുന്നവരുണ്ടാകാം. പക്ഷേ അവരില്‍ ചിലരുടെ കണക്കുപുസ്തകങ്ങള്‍ തേടി പോകുന്ന ഇഡിയും എന്‍ഫോഴ്‌സ്‌മെന്റുമൊക്കെ അതില്‍ ചില അക്കങ്ങള്‍ കണ്ടെത്തുന്നു. അതിനു പിറകേ നീതിപീഠങ്ങളും ചുറ്റിക ഉയര്‍ത്തുന്നു. നിയമത്തിന്റെ, നടപടിക്രമങ്ങളുടെ പഴുതുകളിലൂടെ ചിലര്‍ രക്ഷപ്പെട്ടെന്നുവരാം. അപൂര്‍വം ചിലര്‍ അഴിമതിയുടെ കറുത്ത വടുക്കളും പേറി ചരിത്രത്തിന്റെ ഭാഗമായി തുടരും.

അധികാരത്തിന്റെ അംശവടി പിടിക്കുന്നവരെ കുടുക്കിലാക്കാനും കുരുക്കില്‍ പെടുത്താനും ജനാധിപത്യത്തിന്റെ പേരുതന്നെ ഉപയോഗിച്ചേക്കാം. അതു ചിലരുടെ രാഷ്ട്രീയ ഭാവിയും കുടുംബജീവിതവും മാത്രമല്ല, വ്യക്തിത്വത്തെപ്പോലും തകര്‍ത്തേക്കാം. മുഖ്യമന്ത്രിയായിരുന്ന ഉമ്മന്‍ ചാണ്ടിക്ക് എതിരേ സോളാര്‍ സാമ്പത്തിക തട്ടിപ്പുകേസിലെ പ്രതി നല്‍കിയ വ്യാജ പീഡന പരാതി അദ്ദേഹത്തിന്റെ ആരോഗ്യത്തെ മോശമായി ബാധിച്ചെന്ന് മുന്‍ പ്രൈവറ്റി സെക്രട്ടറി പ.ിഎസ്. ശ്രീകുമാര്‍ കഴിഞ്ഞ ദിവസം കൊട്ടാരക്കര ഒന്നാംക്ലാസ് ജുഡീഷല്‍ മജിസ്‌ട്രേറ്റ് കോടതിയില്‍ മൊഴി നല്‍കിയിരുന്നു. കോടതി കുറ്റവിമുക്തനാക്കിയ ഘട്ടത്തില്‍ ഉമ്മന്‍ചാണ്ടി അസുഖംകൂടി ബംഗളൂരുവിലെ ആശുപത്രിയില്‍ ചികിത്സയിലായിരുന്നു. സത്യം തെളിഞ്ഞു എന്നാണ് അദ്ദേഹം തന്നോടു പ്രതികരിച്ചതെന്നും ശ്രീകുമാര്‍ മൊഴിനല്‍കി. ആരോപണം ഉമ്മന്‍ ചാണ്ടിയെ വളരെ അധികം മാനസികസംഘര്‍ഷത്തിലെത്തിച്ചെന്നും ആരോഗ്യത്തെ ബാധിച്ചെന്നും അദ്ദേഹവുമായി ദീര്‍ഘകാലത്തെ ബന്ധമുണ്ടായിരുന്ന മുതിര്‍ന്ന മാധ്യമപ്രവര്‍ത്തകന്‍ ജോണ്‍ മുണ്ടക്കയവും കോടതിയില്‍ മൊഴി നല്‍കിയിരുന്നു. അധികാരത്തിന്റെ അകത്തളങ്ങളില്‍ ഇത്തരം എത്രയോ കഥകള്‍ കളിയും കാര്യവുമായി അവശേഷിക്കുന്നു.

കേരളത്തില്‍ പുതിയ മന്ത്രിസഭ ഭരണത്തില്‍ വന്നിട്ടും അധികാരത്തിന്റെ ഭാഗമായ അപ്പക്കഷണങ്ങള്‍ പങ്കുവയ്ക്കുന്നതിനെച്ചൊല്ലിയുള്ള കടിപിടിയും മുറുമുറുപ്പും തുടരുകയാണ്. മുഖ്യമന്ത്രിയെ നിശ്ചയിക്കുന്നതില്‍ അനിശ്ചിതത്വം ഉണ്ടായെങ്കിലും മന്ത്രിസഭാ രൂപീകരണത്തില്‍ വലിയ അസ്വാരസ്യങ്ങളൊന്നും ഉയര്‍ന്നില്ല. ചില മുതര്‍ന്ന നേതാക്കള്‍ക്ക് കാബിനറ്റ് റാങ്കോടെ പദവികള്‍ നല്‍കുന്നതും ബോര്‍ഡ്, കോര്‍പറേഷന്‍ അധ്യക്ഷ പദവികളും മറ്റും വീതം വയ്ക്കുന്നതിലും യുഡിഎഫ് പതിവു മെല്ലെപ്പോക്ക് തുടരുകയാണ്. അതിന്റെ ദേഷ്യം എല്‍ഡിഎഫ് കണ്‍വീനര്‍ ഉള്‍പ്പെടെയുള്ളവര്‍ പരസ്യമായി പറഞ്ഞുതുടങ്ങി. ഇവരില്‍ ചിലര്‍ക്ക് ഇതുമാത്രമല്ല പ്രശ്‌നം എന്നതും രഹസ്യമല്ല.

ബോര്‍ഡ്, കോര്‍പറേഷന്‍, കമ്മീഷന്‍, കമ്പനി തുടങ്ങി വിവിധ വിഭാഗങ്ങളിലായി നാനുറിലേറെ സ്ഥാപനങ്ങള്‍ സംസ്ഥാന സര്‍ക്കാരിനു കീഴിലുണ്ട്. അതില്‍ ചുരുക്കം ചിലതിനു മാത്രമാണ് നാഥനായിട്ടുള്ളത്. ചിലയിടങ്ങളില്‍ എല്‍ഡിഎഫ് നിയോഗിച്ചവര്‍ തന്നെ ഇപ്പോഴും തുടരുന്നു. വീതം വയ്പില്‍ മുഖ്യ പങ്ക് കോണ്‍ഗ്രസിനാവും. അതിനാണ് അവകാശികള്‍ ഏറെ ഉള്ളതും. എന്തെല്ലാം പരിഗണിച്ചാലാണ് പരാതി കൂടാതെ ഈ പങ്കുവയ്ക്കലൊന്നു പൂര്‍ത്തിയാക്കാനാവുക.

കഷണം ചെറുതാണെങ്കിലും ചെറിയ ഘടകകക്ഷികള്‍ ഉള്ള കാര്യം തുറന്നു പറയുന്നുണ്ട്. എല്‍ഡിഎഫ് സര്‍ക്കാര്‍ നിയമിച്ചവര്‍ ഇപ്പോഴും സ്‌റ്റേറ്റ് കാറില്‍ പോകുന്നതു കാണുമ്പോള്‍ ആര്‍എസ്പിയുടെ പ്രവര്‍ത്തകര്‍ക്കു വിഷമം തോന്നുക സ്വാഭാവികമാണെന്ന് ഷിബു ബേബി ജോണ്‍ തുറന്നങ്ങു പറഞ്ഞു. വരദരാജനെ ഡല്‍ഹിയിലെ പ്രതിനധി ആക്കിയതോടെ ഫോര്‍വേഡ് ബ്ലോക്കിന് ഇനി പരാതിയൊന്നും ഉണ്ടാവില്ല. പി.ജെ. ജോസഫിന് പദവി നല്‍കുന്ന കാര്യത്തില്‍ ഉദാസീനത കാട്ടുന്നെന്ന് കേരള കോണ്‍ഗ്രസ് പരാതിപ്പെടുന്നു. മുന്നണിയിലെയും പാര്‍ട്ടിയിലെയും ഭിന്നതകളും പ്രശ്‌നങ്ങളും ഇങ്ങനെ തുടരുമ്പോഴും സഭാ തര്‍ക്കത്തിനൊരു പരിഹാരം കാണണമെന്നാണ് മുഖ്യമന്ത്രി വി.ഡി.സതീശന്റെ ആഗ്രഹം. വേണ്ടിവന്നാല്‍ അതിനു മധ്യസ്ഥത വഹിക്കാനും അദ്ദേഹം തയാര്‍.

ഇതിനിടെ ഉന്നത ഉദ്യോഗസ്ഥ തലപ്പത്തെ വന്‍ അഴിച്ചുപണിയില്‍ സീനിയര്‍ ഉദ്യോഗസ്ഥര്‍ പലരും അസംതൃപ്തരാണ്. അവരെയും ഇനി തൃപ്തിപ്പെടുത്തണം. ജോലിയില്‍ നിന്നു വിരമിച്ചിട്ടും ലക്ഷങ്ങള്‍ പ്രതിഫലം വാങ്ങി മറ്റു ചില ലാവണങ്ങളില്‍ തുടര്‍ന്നവരില്‍ ചിലരെ ഒഴിവാക്കിയിട്ടുണ്ട്. തുടക്കം മുതലേ സാമ്പത്തിക സംയമനം പാലിക്കണമെന്ന് കര്‍ശന നിര്‍ദേശം നല്‍കിപ്പോന്ന മുഖ്യമന്ത്രി ജിഎസ്ടി പിരിവിലെ റിക്കാര്‍ഡ് വളര്‍ച്ച കണ്ടതോടെ അല്പം അയഞ്ഞിട്ടുണ്ടെന്നു തോന്നുന്നു. മന്ത്രിമാരുടേതുള്‍പ്പെടെ രണ്ടു ഡസന്‍ പുതിയ കാറുകള്‍ വാങ്ങുന്ന കാര്യം ഇനിയും മാധ്യമങ്ങള്‍ അത്രകണ്ട് കുത്തിപ്പൊക്കിയിട്ടില്ല. അധികാരം അതൊരു വലിയ മായാവലയം തന്നെ.

നന്ദി, നമസ്‌കാരം.

രചന: സെര്‍ജി ആന്റണി

Share this article

3 Lakhs

Active Listeners

22

Sub Stations

300+

Charity Activities

150+

Social Initiatives