Blog Story

വാര്‍ത്താവീക്ഷണം
Radio Media Village 90.8 FM November 21, 2026 Community Blog

വാര്‍ത്താവീക്ഷണം

  • ആത്മീയ പ്രഭയില്‍ പാറേല്‍ ബസിലിക്ക

ആരാധനാലയങ്ങള്‍ മനുഷ്യരുടെ ആത്മീയ ഭവനങ്ങളാണ്. അവയെല്ലാം അദൃശ്യമായൊരു ആത്മീയാനുഭവവും നല്‍കുന്നു. ചങ്ങനാശേരി പാറേല്‍ മരിയന്‍ തീര്‍ഥാടന കേന്ദ്രത്തിലെ പുതിയ പള്ളികളുടെ കൂദാശാ കര്‍മങ്ങള്‍ ഇന്ന് ആരംഭിക്കുകയാണ്. ബസിലിക്ക പ്രഖ്യാപനവും ഇന്നാണ്. മൂന്നു പള്ളികളുടെ സമുച്ചയം കൂടിയായ പാറേല്‍പള്ളി ദേവാലയ വാസ്തുവിദ്യയുടെ വിസ്മയ ദൃശ്യം മാത്രമല്ല, വിശ്വാസ സമൂഹത്തിന്റെ ആശ്രയകേന്ദ്രം കൂടിയാണ്.

1854ലാണ് പരിശുദ്ധ കന്യാമറിയത്തിന്റെ അമലോത്ഭവം വിശ്വാസ സത്യമായി പ്രഖ്യാപിക്കുന്നത്. ്അതിന്റെ സുവര്‍ണജൂബിലി ചങ്ങനാശേരിയിലും വിപുലമായി ആഘോഷിച്ചു. അതിനൊരു ശ്ാശ്വത സ്മാരകം വേണമെന്ന ആലോചനയാണ് പാറേല്‍ കപ്പേളയുടെ നിര്‍മാണത്തിലേക്കു നയിച്ചത്. ഒന്നേകാല്‍ നുറ്റാണ്ടിന്റെ ചരിത്രമുണ്ട് പാറേല്‍ പള്ളിക്ക്. മോണ്‍സിഞ്ഞോര്‍ കുര്യാക്കോസ് കണ്ടങ്കരിയും ചെത്തിപ്പുഴ സിഎംഐ ആശ്രമത്തിലെ ഫാ. എസ്തപ്പാനോസ് തയ്യിലുമാണ് ഈ കപ്പേള നിര്‍മാണത്തിന്റെ തുടക്കക്കാര്‍.

ഫാ. എസ്തപ്പാനോസ് തയ്യില്‍ ഫ്രാന്‍സില്‍ നിന്നു വരുത്തിയ മാതാവിന്റെ മൂന്നു തിരുസ്വരൂപങ്ങളിലൊന്നാണ് പാറേല്‍ കപ്പേളയില്‍ സ്ഥാപിച്ചത്. അതിമനോഹരമായ ഈ മാതൃശില്പം അന്നുമുതല്‍ ഇന്നോളം എത്രയോ പേരുടെ ആത്മീയാനുഭവങ്ങളെ സമ്പന്നമാക്കിയിരിക്കുന്നു. 1906 ഡിസംബര്‍ എട്ടിനാണ് പാറേല്‍ പള്ളിയിലെ ആദ്യ പെരുന്നാള്‍ നടന്നത്.

ക്രൈസ്തവ ദേവാലയങ്ങള്‍ ആത്മീയകേന്ദ്രങ്ങളാണെങ്കിലും അതിനോട് ചേര്‍ന്ന് വൈവിധ്യമാര്‍ന്ന പല സ്ഥാപനങ്ങളും നടത്താറുണ്ട്. പള്ളിക്കൊപ്പം പള്ളിക്കൂടം എന്ന ആശയം വിശുദ്ധ ചാവറ കുര്യാക്കോസ് അച്ചന്റെ കാലത്തുതന്നെ കേരള കത്തോലിക്കാ സഭ പ്രാവര്‍ത്തികമാക്കിയിരുന്നു.

പ്രഥമ തിരുനാളിനു ശേഷം പത്തുവര്‍ഷം കഴിഞ്ഞപ്പോള്‍ 1916ല്‍ അമലോത്ഭവ ജൂബിലി മെമ്മോറിയല്‍ എല്‍പി സ്‌കൂള്‍ പ്രവര്‍ത്തനം ആരംഭിച്ചു. കപ്പേളയോടു ചേര്‍ന്നു മാര്‍ കുര്യാളശേരി പിതാവിന്റെ നേതൃത്വത്തില്‍ പണി കഴിപ്പിച്ച ബഹുനില മന്ദിരത്തിലായിരുന്നു ഇന്ന് മധ്യതിരുവിതാംകൂറിന്റെ വിദ്യാഭ്യാസ തിലകക്കുറിയയായ പ്രശോഭിക്കുന്ന സെന്റ് ബെര്‍ക്കുമാന്‍സ് കോളജിന്റെ തുടക്കം. അധികം വൈകാതെ പള്ളിക്കു സമീപത്തായി ഒരു ട്രെയിനിംഗ് സ്‌കൂളും തുടങ്ങി. പാറേല്‍ പെറ്റി സെമിനാരിയും ഇവിടെ പ്രവര്‍ത്തിച്ചു. പിന്നീടാണ് അമലാ തിയോളജിക്കല്‍ കോളജ് ഇതിനോടു ചേര്‍ന്നു പ്രവര്‍ത്തനം ആരംഭിച്ചത്.

പാറേല്‍ പള്ളിയും വഴിയോരത്തെ കുരിശടിയും പരിശുദ്ധ മാതാവും ചങ്ങനാശേരിയിലെ മാത്രമല്ല ഇതുവഴി കടന്നുപോകുന്ന ഏതൊരാളുടെയും ഹൃദയത്തെ സ്പര്‍ശിക്കും. അതിനു ജാതിമതഭേദമില്ല. അന്യമതസ്ഥരായ എത്രയോ പേര്‍ ദിവസേനയെന്നോണം ഇവിടെ എത്തുന്നു. മാതാവിന്റെ സന്നിധിയില്‍ കണ്ണീരോടെ പ്രാര്‍ഥിച്ച് അനുഗ്രഹം പ്രാപിച്ചവര്‍ പിന്നെ അതുവഴി കടന്നുപോകുമ്പോഴെല്ലാം മാതൃസന്നിധിയിലെത്തി നന്ദി പ്രകടിപ്പിച്ചല്ലാതെ പോകില്ല.

പുതിയ പള്ളിയുടെ നിര്‍മാണം പൂര്‍ത്തിയാവുമ്പോള്‍ അത് ആര്‍ഭാടത്തിന്റെ വര്‍ണശബളിമ അല്ല അതുല്യമായ ആത്മീയപ്രഭയുടെയും ആഴമുള്ള ക്രൈസ്തവ പാരമ്പര്യത്തിന്റെയും ചൈതന്യമാണ് പ്രകടമാക്കുന്നത്. പ്രാര്‍ഥനാന്തരീക്ഷത്തിനു പ്രാമുഖ്യം ലഭിക്കുന്ന രീതിയിലാണ് മദ്ബഹയും ദേവാലയങ്ങള്‍ക്കുള്ളിലെ സംവിധാനങ്ങളും സജ്ജമാക്കിയിരിക്കുന്നത്.

വിശ്വാസ സമൂഹത്തിന്റെ പ്രാര്‍ഥനാചൈതന്യത്തിന്റെയും പരിശുദ്ധ കന്യാകാ മറിയത്തിന്റെ മാധ്യസ്ഥത്തിലൂടെ ഓരോരുത്തര്‍ക്കും ലഭിക്കുന്ന അനുഗ്രഹവര്‍ഷത്തിന്റെയും നറുമലരുകളാല്‍ നിറഞ്ഞിരിക്കുകയാണ് ഈ ദേവാലയ അന്തരീക്ഷം. അവിടെ യാതൊരു വേര്‍വ്യത്യസവുമില്ല. അമ്മയുടെ അനുഗ്രഹവര്‍ഷം ഇവിടെ അനുസ്യൂതം ഒഴുകുകയാണ്.

പുണ്യശ്ലോകനായ ഫ്രാന്‍സീസ് മാര്‍പാപ്പ ആശീര്‍വദിച്ച് അനുഗ്രഹിച്ച് മാര്‍ ജോസഫ് പെരുന്തോട്ടത്തിന് കൈമാറിയ അടിസ്ഥാനശില ഇന്ന് ചങ്ങനാശേരിയുടെ ആത്മീയതേജസായി മറിയിരിക്കുന്നു. അമലോത്ഭവ മാതാവിന്റെ പള്ളിയുടെ പ്രധാന കവാടത്തിന് അരികിലായി ഈ ശില ഇനി പ്രത്യേകമായി സ്ഥാപിക്കും.

പാറേല്‍ പള്ളിയുടെ കൂദാശ കര്‍മത്തിന്റെ തുടര്‍ച്ചയായി ദേവാലയം തിരുനാള്‍ ദിനങ്ങളിലേക്കു കടക്കുകയാണ്. പാറേല്‍ പള്ളി തിരുനാള്‍ ഈ പ്രദേശത്തിന്റെ പൊതുവായ ആഘോഷവേള കൂടിയാണ്. ചങ്ങനാശേരി അതിരൂപതയുടെ നാനാഭാഗങ്ങളില്‍നിന്നും ധാരാളം ആളുകള്‍ പാറേല്‍ പള്ളി തിരുനാളില്‍ പങ്കെടുക്കാന്‍ എത്തുന്ന പതിവുണ്ട്. അത് അനിര്‍വചനീയമായൊരു ആത്മീയാനുഭവം പകരുന്നുവെന്ന് എല്ലാവരും സാക്ഷ്യപ്പെടുത്തുന്നു.

പാറേല്‍ പള്ളി ഇന്ന് ഈ നാടിന്റെ അഭിമാനസ്തംഭം കൂടി ആയി മാറിയിരിക്കുന്നു. സുറിയാനി ക്രൈസ്തവ, പൗരസ്ത്യ പാരമ്പര്യത്തിന്റെയും ഭാരതീയതയുടെയും വാസ്തുശില്പ ഭംഗി പുതിയ ദേവാലയത്തെ അതിമനോഹരമാക്കുന്നു. ക്രൈസ്തവ ചിത്രകലാ പാരമ്പര്യമായ ഐക്കണ്‍ ആര്‍ട്ടിന്റെ രചനാശൈലി ഈ ബസിലിക്ക ദേവാലയത്തെ വ്യത്യസ്തമാക്കുന്നു.

ബസിലിക്ക പ്രഖ്യാപനത്തോട് അനുബന്ധിച്ച് പാറേല്‍ പള്ളിയുടെ പ്രത്യേക പോസ്റ്റല്‍ കവര്‍ തപാല്‍ വകുപ്പ് പുറത്തിറക്കുന്നുണ്ട്. പ്രത്യേകം രൂപകല്പന ചെയ്ത കവറിനു പുറത്ത് പള്ളിയില്‍ നിന്നു ശേഖരിച്ച പാറകള്‍ പൊടിച്ചുണ്ടാക്കിയ തരികള്‍ പതിപ്പിച്ചിട്ടുണ്ട്. തിങ്കളാഴ്ച വൈകിട്ട് അഞ്ചരയ്ക്ക് പള്ളി അങ്കണത്തിലാണ് പ്രത്യേക പോസ്റ്റല്‍ കവറിന്റെയും സ്റ്റാമ്പിന്റെയും പ്രകാശനച്ചടങ്ങ്.

പുതിയ പള്ളി നിര്‍മാണത്തിനായി വിശ്വാസ സമൂഹത്തിന്റെ അകമഴിഞ്ഞ സഹായം ലഭ്യമായി. പരിശുദ്ധ അമ്മയുടെ പേരിലുള്ള ഈ തീര്‍ഥാനടനകേന്ദ്രത്തിന്റെ സൗകര്യങ്ങള്‍ വര്‍ധിപ്പിക്കുന്നതിനൊപ്പം ഇവിടമൊരു ആത്മീയ ആശ്വാസ കേന്ദ്രവുമായി മാറുകയാണ്. ആത്മീയപോഷണത്തിനൊപ്പം ഇന്നത്തെ സമൂഹത്തില്‍ മനുഷ്യര്‍ നേരിടുന്ന വിവിധങ്ങളായ പ്രശ്‌നങ്ങള്‍ക്ക് ശാസ്ത്രീയമായ പരിഹാരങ്ങള്‍ നിര്‍ദേശിക്കുന്നതിനുള്ള കൗണ്‍സലിംഗ് സെന്ററും ബസിലിക്കയോടൊപ്പം പ്രവര്‍ത്തിക്കും. പരിചയസമ്പന്നരായ ക്ലിനിക്കല്‍ സൈക്കോാളജിസ്റ്റുകളുടെ സേവനവും ഇവിടെ ലഭ്യമാകും.

തീര്‍ഥാടകരുടെ എണ്ണത്തില്‍ ഗണ്യമായ വര്‍ധന പ്രതീക്ഷിക്കുന്നതിനാല്‍ അതിന് അനുസൃതമായ ഭൗതിക സൗകര്യങ്ങളും ഒരുക്കിയിട്ടുണ്ട്. ആധുനിക സാങ്കേതികവിദ്യയുടെ സാധ്യതകള്‍ പരമാവധി ഉപയോഗിച്ചാണ് ഇവയെല്ലാം സജ്ജമാക്കിയയിരിക്കുന്നത്. അതൊടൊപ്പം ഇവയെല്ലാം പരിസ്ഥിതി സൗഹൃദമായും ക്രമീകരിച്ചിരിക്കുന്നു. ജലസംരക്ഷണത്തിനും പുനരുപയോഗത്തിനുമുള്ള വലിയ ടാങ്കുകളും വാട്ടര്‍ ട്രീറ്റ്‌മെന്റ് പ്ലാന്റുകളും പ്രവര്‍ത്തിക്കുന്നു.

വ്യക്തിപരമായും കൂട്ടായ്മയായും ഇവിടെ എത്തി കര്‍ത്തൃസന്നിധിയില്‍ പ്രാര്‍ഥിക്കാനും ആത്മീയാനുഭവം സ്വീകരിക്കാനും സാധിക്കും. ആധുനിക കാലത്ത് മനുഷ്യമനസുകളിലേക്ക് പ്രാര്‍ഥനയുടെയം സമാശ്വാസത്തിന്റെയും ആത്മീയാനുഭവം പകരാന്‍ ദേവാലയന്തരീക്ഷം ഏറെ സഹായകമാവും. ആ അനുഭവങ്ങള്‍ക്ക് ഒന്നേകാല്‍ നൂറ്റാണ്ടിന്റെ പഴക്കമുണ്ട്. പാറേല്‍ പള്ളിയുടെ തുടക്കം മുതല്‍ ഇവിടെ എത്തുന്നവരുടെ ജീവിതാനുഭവങ്ങളാണ് അതിനു സാക്ഷ്യം.

മതമൈത്രിയുടെയും സാഹോദര്യത്തിന്റെയും എത്രയോ ഏടുകള്‍ തീര്‍ത്ത പ്രദേശമാണ് ചങ്ങനാശേരി. ഈ പട്ടണത്തോടു ചേര്‍ന്നു കിടക്കുന്ന ഗ്രാമങ്ങളും ആ ചൈതന്യം പ്രസരിപ്പിക്കുന്നു. മധ്യതിരുവിതാംകൂറിന്റെ ആധ്യാത്മിക തിലകക്കുറിയായ പാറേല്‍ ബസിലിക്ക പള്ളി ഇനിയുമേറെ പ്രഭ ചൊരിഞ്ഞ് മനുഷ്യമനസുകളില്‍ ആശ്വാസതീര്‍ഥം തളിക്കട്ടെ.

നന്ദി, നമസ്‌കാരം.

രചന: സെര്‍ജി ആന്റണി 

Share this article

3 Lakhs

Active Listeners

22

Sub Stations

300+

Charity Activities

150+

Social Initiatives