Blog Story

വാര്‍ത്താവീക്ഷണം
Radio Media Village 90.8 FM November 11, 2026 Community Blog

വാര്‍ത്താവീക്ഷണം

വിദ്യ വിലപ്പെട്ടതാകട്ടെ

ഇന്ന് ദേശീയ വിദ്യാഭ്യാസദിനം. സ്വതന്ത്ര ഇന്ത്യയുടെ പ്രഥമ വിദ്യാഭ്യാസ മന്ത്രിയായിരുന്ന മൗലാനാ അബ്ദുള്‍ കലാം ആസാദിന്റെ ജന്മദിനമായ നവംബര്‍ 11 ആണ് ദേശീയ വിദ്യാഭ്യാസദിനമായി ആചരിക്കുന്നത്. ദിനാചരണത്തോട് അനുബന്ധിച്ച് വിവിധ വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ ഇന്ന് സെമിനാറുകളും ചര്‍ച്ചകളും സംഘടിപ്പിച്ചിരുന്നു.

1947 മുതല്‍ 1958 വരെ വിദ്യാഭ്യാസ വകുപ്പന്റെ ചുമതല വഹിച്ചിരുന്ന അബ്ദുള്‍ കലാം ആസാദ് ഇന്ത്യയുടെ വിദ്യാഭ്യാസരംഗത്തിന് അടിസ്ഥാനശില പാകിയ ഭരണാധികാരിയും വിദ്യാഭ്യാസ വിചക്ഷണനുമായിരുന്നു.  മാനവവിഭവശേഷി മന്ത്രാലയം എന്നാണ് അന്ന് വിദ്യാഭ്യാസ വകുപ്പ് അറിയപ്പെട്ടിരുന്നത്.

ഇന്ത്യയുടെ സാങ്കേതിക വിദ്യാഭ്യസ രംഗത്തെ സുവര്‍ണഗോപുരങ്ങളായി മാറിയ ഐഐടികള്‍, യൂണിവേഴ്‌സിറ്റി ഗ്രാന്റ്‌സ്‌കമ്മീഷന്‍, ഓള്‍ ഇന്ത്യ കൗണ്‍സില്‍ ഫോര്‍ ടെക്‌നിക്കല്‍ എഡ്യുക്കേഷന്‍ തുടങ്ങിയ സ്ഥാപനങ്ങള്‍ ആരംഭിച്ചത് പണ്ഡിറ്റ് ജവഹര്‍ലാല്‍ നെഹ്‌റുവിന്റെ നേതൃത്വത്തിലുള്ള കേന്ദ്ര ഭരണകൂടത്തിന്റെ കാലത്താണ്. 1951ലാണ് ഖരഗ്പൂര്‍ ഇന്ത്യന്‍ ഇന്‍സ്റ്റ്ിറ്റിയൂട്ട ഓഫ് ടെകനോളിക്കു തുടക്കം കുറിച്ചത്  പിന്നാലെ ബോബെ മദ്രാസ്, ഡല്‍ഹി, കാണ്‍പൂര്‍ ഐഐടികളും ആരംഭിച്ചു. കേന്ദ്ര സാഹിത്യ അക്കാദമി, സംഗീത നാടക അക്കാദമി, ലളിത കലാഅക്കാദമി എന്നിവയുടെ തുടക്കവും ഈ കാലഘട്ടത്തില്‍തന്നെ. 14 വയസുവരെ കുട്ടികള്‍ക്ക് വിദ്യാഭ്്യാസം ഉറപ്പാക്കുക, പ്രാഥമിക പഠനത്തിന് മാതൃഭാഷ മാധ്യമമാക്കുക തുടങ്ങിയ തീരുമാനങ്ങളും ഈ കാലത്താണ് നിലവില്‍ വന്നത്. സ്ത്രീ വിദ്യാഭ്യാസത്തിനും ഊന്നല്‍ നല്‍കി.

മതാടിസ്ഥാനത്തില്‍ ബംഗാള്‍ വിഭജിക്കാനുള്ള തീരുമാനത്തെ എതിര്‍ത്തുകൊണ്ട് 1905ലാണ് മൗലാന അബ്ദുല്‍കലാം ആസാദ് രാഷ്ട്രീയത്തില്‍ പ്രവേശിക്കുന്നത്. അന്നു മുതലേ ഇന്ത്യയുടെ ഐക്യത്തിനായി അദ്ദേഹം നിലകൊണ്ടു. കൊളോണിയല്‍ ചൂഷണത്തെ നഖശിഖാന്തം എതിര്‍ത്ത അദ്ദേഹം ഹിന്ദു മുസ്‌ലിം ഐക്യത്തിനായി വീറോടെ വാദിച്ചു. ശ്രീ അരബിന്ദ ഘോഷ് ഉള്‍പ്പെടെയുള്ള ആചാര്യന്മാരുമായി അദ്ദേഹം ഉറ്റ സൗഹൃദം പുലര്‍ത്തി. 1947 ലെ ഇന്ത്യ പാക്കിസ്ഥാന്‍ വിഭജനത്തെ അദ്ദേഹം ശക്തിയുക്തം എതിര്‍ത്തിരുന്നു.

സ്വതന്ത്ര ഇന്ത്യ വിദ്യാഭ്യാസത്തിന് മുന്തിയ പരിഗണന നല്‍കേണ്ടതിന്റെ ആവശ്യം തുടക്കം മുതലേ അദ്ദേഹം ഊന്നിപ്പറഞ്ഞിരുന്നു. ഭക്ഷണവും വസ്ത്രവും കഴിഞ്ഞാല്‍ ബജറ്റില്‍ കൂടുതല്‍ തുക നീക്കി വയ്‌ക്കേണ്ടത് വിദ്യാഭ്യാസത്തിനായിരിക്കണം എന്നായിരുന്നു അദ്ദേഹത്തിന്റെ നിലപാട്. പ്രാഥമിക വിദ്യാഭ്യാസ രംഗത്ത് മതപഠനം നിരോധിച്ചുകൊണ്ടല്ല, ആരോഗ്യകരവും സഹിഷ്ണുത വളര്‍ത്തുന്നതുമായ മതപഠനം സാധ്യമാക്കിക്കൊണ്ടുവേണം മതതീവ്രവാദത്തെ ചെറുക്കാന്‍ എന്നായിരുന്നു മൗലാന അബ്ദുല്‍ കലാം ആസാദിന്റെ അഭിപ്രായം. അത്തരമൊരു ആരോഗ്യകരമായ വിദ്യാഭ്യാസത്തിലൂടെ ചെറുപ്പക്കാര്‍ ഇതര മതങ്ങളോട് സഹിഷ്ണുതയും ബഹുമാനവും പുലര്‍ത്തുന്നവരുമായി വളരണമെന്ന് അദ്ദേഹം ആഗ്രഹിച്ചു. ഇന്ത്യയെപ്പോലെ വൈവിധ്യങ്ങളേറെയുള്ളൊരു രാജ്യത്ത് അബ്ദുള്‍കലാം ആസാദിനെപ്പോലുള്ളവരുടെ ഇത്തരം ദര്‍ശനങ്ങള്‍ അന്നും ഇന്നും ചെവിക്കൊള്ളാന്‍ ആളുകള്‍ തയാറാവുന്നില്ല എന്നതാണു ഖേദകരം.

മൂല്യാധിഷ്ഠിതവും അതൊടൊപ്പം തന്നെ കാലത്തിന്റെ ആവശ്യങ്ങള്‍ക്കും രാജ്യത്തിന്റെ പുരോഗതിക്കും യോജിച്ച വിദ്യാഭ്യാസ നയങ്ങളും പരിപാടികളും ആണ് ആവശ്യമെന്നു നാം തിരിച്ചറിയണം. ഇന്നും നമ്മുടെ ശാസ്ത്ര സാങ്കേതിക പുരോഗതിക്ക് മാറ്റു കൂട്ടുന്നത് ഇത്തരം സ്ഥാപനങ്ങളുടെ ഉറച്ച അടിത്തറയാണ്. അതു കൂടുതല്‍ വിപുലവും ബലവത്തും ആക്കണം.

പിഎം ശ്രീ പോലെയുള്ള വിവാദങ്ങളില്‍ ഉഴലാതെ കേന്ദ്ര സംസ്ഥാന സര്‍ക്കാരുകളുടെ സംയുക്ത നീക്കങ്ങള്‍ വിദ്യാഭ്യാസ മേഖലയില്‍ സജീവമാകണം. ഓട്ടോണമസ് കോളജുകളില്‍ പുതിയ കോഴ്‌സുകള്‍ തുടങ്ങുന്നതുമായി ബന്ധപ്പെട്ടുണ്ടായ അനാവശ്യ വിവാദങ്ങള്‍ എന്തെല്ലാം തെറ്റിദ്ധാരണകള്‍ക്കാണ് ഇടയാക്കിയിരിക്കുന്നത്.

കേരളത്തിന്റെ ഉന്നതവിദ്യാഭ്യാസ മേഖലയിലെ പ്രതിസന്ധികളെക്കുറിച്ചുള്ള രോദനങ്ങള്‍ ഏറെയാണ്. കുട്ടികള്‍ തുടര്‍വിദ്യാഭ്യാസത്തിനും ജോലിക്കുമായി നാടുവിട്ടുപോകുന്നസാഹചര്യമുണ്ട്. കലാലയങ്ങളില്‍ രാഷ്ട്രീത്തിന്റെ അതിപ്രസരം ഉളവാക്കുന്ന സമരകോലാഹലങ്ങളും വര്‍ധിച്ചുവരികയാണ്.

അക്കാദമികസ്വയംഭരണം എന്ന നയവുമായി ഇപ്പോഴത്തെ സര്‍ക്കാര്‍ മുന്നോട്ടുപോകുമ്പോള്‍ പ്രതിപക്ഷം അതിനെതിരേ ശക്തമായി രംഗത്ത് എത്തുകയാണ്. മെരിറ്റും സംവരണവും സംരക്ഷിച്ചും ഫീസ് നിയന്ത്രണങ്ങളില്‍ നീതിയും സുതാര്യതയും ഉറപ്പുവരുത്തിയുമാകും ഈ മുന്നേറ്റമെന്ന് ഉന്നത വിദ്യാഭ്യാസ മന്ത്രി റോജി എം ജോണ്‍ വ്യക്തമാക്കിയിട്ടുണ്ട്.  വിദ്യാഭ്യാസവുമായി ബന്ധപ്പെട്ട എതു മാറ്റത്തെയും രാഷ്ട്രീയമായി എതിര്‍ക്കുക എന്ന രീതി മാറി മാറ്റത്തിന്റെ ഗുണദോഷങ്ങള്‍ ചര്‍ച്ച ചെയ്യാനും നല്ലത് സ്വീകരിക്കാനും തയാറാകണം.

നമ്മുടെ സര്‍വകലാശാലകള്‍ സമീപകാലത്ത് വലിയ പ്രതിസന്ധിയിലൂടെ കടന്നുപോവുകയാണ്. ചാന്‍സലറായ ഗവര്‍ണറും സര്‍ക്കാരും സിന്‍ഡിക്കറ്റുകളും വ്യത്യസ്ഥനിലപാടുകളിലുടെ പ്രതിസന്ധി രൂക്ഷമാക്കുന്നു. നിയമനങ്ങള്‍ പലതും കോടതി കയറുന്നു. ഇഷ്ടക്കാരെ തിരുകിക്കയറ്റാന്‍ ഏതു മാര്‍ഗവും സ്വീകരിക്കുമ്പോള്‍ ഗുണമേന്മയിലാണ് വെള്ളം ചേര്‍ക്കപ്പെടുന്നത്. യുജിസി നിരക്കില്‍ ഉയര്‍ന്ന വേതനം ഉറപ്പാക്കാനുള്ള ഏജന്‍സി മാത്രമായി മാറരുത്. ഗവേഷണ ബിരുദം തസ്തിക ഉറപ്പിക്കുന്നതിനുള്ള പഠനം മാത്രമായി ചുരുങ്ങുന്നു. ദിവസേനയെന്നോണം പത്രങ്ങളില്‍ ഗവേഷണബിരുദധാരികളുടെ പടവും വാര്‍ത്തയും വരുന്നുണ്ട്. എന്നാല്‍ ഈ ഗവേഷണങ്ങള്‍ നാടിന് എന്തു നന്മ നല്‍കുന്നു എന്നുകൂടി വിലയിരുത്തപ്പെടണം.

നമ്മുടെ പല സര്‍വകാലാശാലകളിലും ഗവേഷണ കേന്ദ്രങ്ങളിലും നിന്നു വരുന്ന അപൂര്‍വം നല്ല വാര്‍ത്തകളെയും അവഗണിക്കാനാവില്ല. പേറ്റന്റുകള്‍, പുതിയ സസ്യ, ജന്തു വര്‍ഗങ്ങളുടെയും കണ്ടെത്തല്‍ തുടങ്ങി പലതും വേണ്ടത്ര ശ്രദ്ധിക്കപ്പെടാതെ പോകുന്നുണ്ട്. ആഗ്രയില്‍ യമുന നദീതീരത്ത് മൂന്നു ഗവേഷകര്‍ ഇയിടെ ഒരു പുതിയ ഇനം സസ്യം കണ്ടെത്തിയിരുന്നു. ചങ്ങനാശേരി എസ് ബി കോളജിലെ സസ്യശാസ്ത്ര വിഭാഗത്തിലെ ഡോ. ആര്യ സിന്ധു, കോട്ടയം സിഎംഎസ് കോളജിലെ സസ്യശാസ്ത്രവിഭാഗത്തിലെ ഡോ. റോജിമോന്‍ തോമസ്, ഉത്തര്‍പ്രദേശിലെ മാ ശാകുമ്പരി സര്‍വകലാശാലയിലെ ഡോ. ഹര്‍ഷ സിംഗ് എന്നിവരടങ്ങിയ സംഘമാണ് ഈ പുതിയ സസ്യം കണ്ടെത്തിയത്. മലയാള അച്ചടിയുടെ പിതാവും കോട്ടയം സിഎംഎസ് കോളജിന്റെ പ്രഥമ പ്രിന്‍സിപ്പലുമായിരുന്ന ബെഞ്ചമില്‍ ബെയ്‌ലിയുടെ പേരാണ് ഈ സസ്യത്തിനു നല്കിയിരിക്കുന്നത്. സസ്യശാസ്ത്ര ഗവേഷണ ജേണലായ ഫൈറ്റോടാക്‌സയില്‍ പുതിയ സസ്യത്തിന്റെ വിവരങ്ങള്‍ പ്രസിദ്ധീകരിച്ചിട്ടുണ്ട്.

ഭക്ഷ്യവസ്തുക്കളില്‍ അപകടകാരികളായ ഫംഗസുകളുടെ വളര്‍ച്ച തടയാനും ദീര്‍ഘകാലം സുരക്ഷിതമായി സൂക്ഷിക്കാനും സഹായിക്കുന്ന പരിസ്ഥിതി സൗഹൃദ പാക്കേജിംഗ് പടലം വികസിപ്പിച്ച കാലടി ശ്രീശങ്കര കോളജിലെ ഗവേഷകര്‍ക്ക് ഈയിടെ ഇന്ത്യന്‍ പേറ്റന്റ് ലഭിച്ചു. മൈക്രോ ബയോളജി വിഭാഗം മേധാവി ഡോ. സുമി മേരി ജോര്‍ജിന്റെ നേതൃത്വത്തില്‍ ഡോ. ഷെറിന്‍ ജോയ്, ഡോ. ഡോള വി. ഇടിക്കുള എന്നിവരാണ് ഈ നേട്ടം കൈവരിച്ചത്. ഇത്തരം ഗവേഷണങ്ങളൊക്കെ നമ്മുടെ സ്ഥാപനങ്ങളില്‍ നടക്കുന്നുണ്ട്. വന്‍തുകയുടെ വിദേശ സ്‌കോളര്‍ഷിപ്പിന് അര്‍ഹരാകുന്നവരും ഉണ്ട്. ഇതൊക്കെ കൂടുതല്‍ പേരിലേക്ക് എത്തണം. പുതിയ തലമുറ പഠനത്തിനും ഗവേഷണത്തിനും മുന്തിയ പരിഗണന നല്‍കുമ്പോള്‍ അതിന്റെ പ്രതിഫലം രാഷ്ട്രത്തിനും ലഭിക്കും. അത്തരമൊരു സാഹചര്യമൊരുക്കലിനെക്കുറിച്ചാകട്ടെ ഇന്നത്തെ ദേശീയവിദ്യാഭ്യസ ദിനാചരണ ചര്‍ച്ചകള്‍.

നന്ദി നമസ്‌കാരം.

രചന: സെര്‍ജി ആന്റണി

Share this article

3 Lakhs

Active Listeners

22

Sub Stations

300+

Charity Activities

150+

Social Initiatives