ലഹരിയുടെ പുതുവഴികള്‍
ലഹരിക്കെതിരേയുള്ള പോരാട്ടം ശക്തമാക്കുംതോറും വൈവിധ്യമാര്‍ന്ന ലഹരി ഇടപാടുകളുടെ കഥകളാണ് കേരളത്തില്‍നിന്നു വരുന്നത്. അതില്‍ത്തന്നെ അത്യന്തം ആശങ്കാജനകമായ ചില രീതികള്‍ അടുത്ത ദിവസങ്ങളില്‍ പുറത്തുവന്നു. 2023ല്‍ സംസ്ഥാന സര്‍ക്കാരിന്റെ യുവ കര്‍ഷക പുരസ്‌കാരം നേടിയ വാഴക്കര്‍ഷകന്‍ വാഴക്കുലകളില്‍ രാസലഹരി ഒളിപ്പിച്ചു കടത്തിയതിന് അറസ്റ്റിലായത് അത്തരമൊരു സംഭവമായി. 'ഡാനി ഭായ്' എന്നറിയപ്പെട്ടിരുന്ന ഹരിപ്പാട് വീയപുരം സ്വദേശി ധനേഷ് എസ് നായരാണ് ഈ കേസില്‍ കഴിഞ്ഞ ദിവസം അറസ്റ്റിലായത്. വിദേശ പഠനം കഴിഞ്ഞെത്തിയ ഈ യുവാവ് കേരളത്തില്‍ കൃഷിയുടെ മറവില്‍ ലഹരിക്കടത്ത് നടത്തുമ്പോള്‍ ഇടുക്കിയില്‍നിന്നു വരുന്ന വാര്‍ത്ത അതിലും കൗതുകമുണര്‍ത്തുന്നു. പച്ചമീനും കപ്പയും കച്ചവടം ചെയ്യുന്നതിന്റെ മറവിലാണ് അവിടെ ലഹരി ഇടപാട്. അരവിന്ദ് ലാല്‍, മുഹമ്മദ് ഇബ്രാഹിം, ജിഷണു എന്നവരാണ് രാമക്കല്‍മേട്ടില്‍ വാഹന പരിശോധയ്ക്കിടെ പിടിയിലായത്. എല്ലാവരും മുപ്പതു വയസില്‍ താഴെ പ്രായമുള്ളവര്‍.
ജര്‍മനിയില്‍നിന്ന് അഗ്രിബിസിനസില്‍ ഉന്നത ബിരുദം നേടി എട്ടു വര്‍ഷം മുമ്പ് കേരളത്തില്‍ കാര്‍ഷിക സംരംഭങ്ങളില്‍ സജീവമായ ധനേഷിനെ ഇത്തരമൊരു ബിസിനസിലേക്കു വഴി തിരിച്ചുവിട്ട സാഹചര്യങ്ങള്‍ വിലയിരുത്തപ്പെടേണ്ടതുതന്നെ. ഡിവൈഎസ്പി ബൈജു പൗലോസിന്റെ നേതൃത്വത്തിലുള്ള സംഘമാണ് ധനേഷിന്റെ ലഹരി ഇടപാട് കണ്ടെത്തിയത്. 803 ഗ്രാം ഹഷീഷ് ഓയിലും എട്ടു ഗ്രാം ലാസരഹരിയുമായി അങ്കമാലിയില്‍നിന്നാണ് സുധീഷ് പിടിയിലാകുന്നത്. പിന്നീട് ധനേഷന്റെ ഫോണ്‍ പരിശോധിച്ചപ്പോഴാണ് ലഹരി ഇടപാടുമായി ബന്ധപ്പെട്ട ഞെട്ടിക്കുന്ന വിവരങ്ങള്‍ ലഭ്യമായത്. കാര്‍ഷിക സംരംഭത്തിന്റെ മറവില്‍ വാഴക്കുലകള്‍ക്കുള്ളില്‍ ലഹരി കടത്താന്‍ ചെറുപ്പക്കാരെ പരിശീലിപ്പിക്കുന്ന വീഡിയോ ദൃശ്യങ്ങളും ഇയാളുടെ ഫോണില്‍നിന്നു പോലീസിനു ലഭിച്ചു.
മൈസൂരുവിലെ നഞ്ചന്‍ഗുഡില്‍ ധനേഷിന് വാഴത്തോപ്പുണ്ട്. ഇവിടെനിന്ന് വാഴക്കുലകളില്‍ ലഹരി വസ്തുക്കള്‍ ഒളിപ്പിച്ച് കേരളത്തിലെ വിവിധ സ്ഥലങ്ങളിലേക്കു വിതരണക്കാര്‍ക്ക് എത്തിക്കുകയായിരുന്നു എന്നാണ് കേസ്. ആലുവയില്‍നിന്നു ഞായറാഴ്ച 185 ഗ്രാം എംഡിഎംഎയുമായി അറസ്റ്റിലായ ഹരികൃഷണന്‍, ഏഴു ഗ്രാം എംഡിഎംഎയുമായി തോപ്പുംപടിയില്‍ അറസ്റ്റിലായ ഷിനു സെബാസ്റ്റ്യന്‍, എന്നിവരില്‍നിന്നു ലഭിച്ച വിവരങ്ങളാണ് ധനേഷിലേക്ക് എത്തിയത്. ഇന്‍സ്റ്റാഗ്രാമിലൂടെ ധനേഷ് നല്‍കുന്ന സന്ദേശങ്ങളുടെ അടിസ്ഥാനത്തിലാണ് ഹരികൃഷ്ണനും ഷിനുവും ഇടപാടുകള്‍ നടത്തിയിരുന്നത്.
2015 മുതല്‍ 2018 വരെ ജര്‍മനിയില്‍ അഗ്രിബിസിനസ് പഠനം നടത്തിയ ധനേഷ് പ്രളയകാലത്താണ് നാട്ടിലെത്തിയത്. അതിനുശേഷം നാട്ടിലും മൈസൂരുവിലും കൃഷി നടത്തി. സമൂഹ മാധ്യമങ്ങളിലൂടെയുള്ള ധനേഷിന്റെ ലഹരിക്കടത്തിനെക്കുറിച്ച് അന്വേഷണ സംഘത്തിന് നിര്‍ണായകമായ കൂടുതല്‍ വിവരങ്ങള്‍ ലഭ്യമായിട്ടുണ്ട്.
സ്‌കൂളുകളിലെ ബോധവത്കരണത്തിനും പൊതുവേദികളിലെ പ്രസംഗങ്ങള്‍ക്കും ലഹരി വിരുദ്ധ സന്ദേശ യാത്രകള്‍ക്കുമപ്പുറം ലഹരി പടരുന്ന വഴികള്‍ കണ്ടെത്തി അതു വേരോടെ പിഴുതു മാറ്റേണ്ടതിന്റെ ആവശ്യകതയാണ് പുതിയ കണ്ടെത്തലുകള്‍ പലതും വ്യക്തമാക്കുന്നത്. കാര്‍ഷിക രംഗത്തെപ്പോലും ലഹരി വ്യാപനത്തിന്റെ മറയാക്കുമ്പോള്‍ ജാഗ്രത എത്രയോ വര്‍ധിക്കണം.
കുട്ടികളില്‍ കാര്‍ഷികവൃത്തിയോടു താത്പര്യം ഉളവാക്കാന്‍ സംസ്ഥാന കൃഷി മന്ത്രാലയം പൊതുവിദ്യാഭ്യാസ വകുപ്പിന്റെ സഹകരണത്തോടെ പുതിയൊരു പദ്ധതിക്കു തുടക്കമിട്ടിട്ടുണ്ട്. 'കതിര്‍' എന്നാണ് പദ്ധതിയുടെ പേര്. മോഹന്‍ലാനാണ് കതിര്‍ കൃഷി ബോധവത്കരണ പദ്ധതിയുടെ ബ്രാന്‍ഡ് അംബാസഡര്‍. അടുത്ത അധ്യയനവര്‍ഷം മുതല്‍ സംസ്ഥാനത്തെ സ്‌കൂളുകളില്‍ കതിര്‍ കാര്‍ഷിക ക്ലബ്ബുകള്‍ ആരംഭിക്കുമെന്നാണ് കൃഷി മന്ത്രി ടി. സിദ്ദിഖ് പറയുന്നത്. പദ്ധതിയുമായി ബന്ധപ്പെട്ടു പ്രവര്‍ത്തിക്കുന്ന ഉദ്യോഗസ്ഥരുടെ ദ്വിദിന പരിശീലന പരിപാടി തിരുവനന്തപുരത്ത് നടന്നു. പദ്ധതിയുടെ സുഗമമായ നടത്തിപ്പിന് നോഡല്‍ ഓഫീസര്‍മാരെയും നിയോഗിക്കും.
കുട്ടികളില്‍ കൃഷി ഒരു പാഷന്‍ ആയി മാറണമെന്നും തനിക്ക് കൃഷിയോട് ഏറെ താത്പര്യമുണ്ടെന്നും പറഞ്ഞ മോഹന്‍ലാല്‍ തന്റെ വീട്ടിലെ കൃഷിയിടത്തെപ്പറ്റിയും വിശദീകരിച്ചു. കൃഷിയില്‍ ഏര്‍പ്പെടുന്ന കുട്ടികള്‍ക്ക പ്രോത്സാഹനമായി മാര്‍ക്ക് നല്‍കാനുള്ള തീരുമാനം അവരെ കൃഷിയിലേക്കു കൂടുതല്‍ ആകര്‍ഷിക്കുമെന്നും മോഹന്‍ലാല്‍ അഭിപ്രായപ്പെട്ടു. മോഹന്‍ലാലിനെപ്പോലുള്ള സെലിബ്രറ്റികളെയാണോ ധനേഷിനെപ്പോലുള്ള കര്‍ഷകരെയാണോ ജെന്‍സി തലമുറ മാതൃകയാക്കുക എന്നാണ് അറിയേണ്ടിയിരിക്കുന്നത്.
ലഹരിക്കടത്തിന് യുവാക്കളെ റിക്രൂട്ട് ചെയ്യുന്നവരുണ്ട്. തൊഴില്‍രഹിതരും ക്രിമിനല്‍ സംഘങ്ങളും മാത്രല്ല, അഭ്യസ്തവിദ്യരായ ആളുകളും എന്തിന്, പ്രഫഷണലുകള്‍പോലും ഇതില്‍ പെട്ടുപോകുന്നു. കോഴിക്കോട്ടെ ഒരു പ്രമുഖ മള്‍ട്ടി സ്‌പെഷാലിറ്റി ആശുപത്രിയിലെ എമര്‍ജന്‍സി മെഡിസിന്‍ വിഗദ്ധനും ആശുപത്രിയിലെ ക്രിറ്റിക്കല്‍ കെയര്‍ വിഭാഗം തലവനുമായ 41 വയസുള്ള ഡോക്ടര്‍ ലഹരിമരുന്നു കേസില്‍ കഴിഞ്ഞ ദിവസം അറസ്റ്റിലായിരുന്നു. വയനാട് വൈത്തിരിയിലും ലഹരി കൈവശം വച്ചതിന് കഴിഞ്ഞമാസംരണ്ടു ഡോക്ടര്‍മാര്‍ അറസ്റ്റിലായിരുന്നു. പെണ്‍കുട്ടികള്‍ ഉള്‍പ്പെടെ പ്രായപൂര്‍ത്തിയാകാത്ത കുട്ടികളെയും മറ്റു കുറ്റകൃത്യങ്ങളില്‍ ഏര്‍പ്പെട്ട് ജയില്‍ വിട്ടുവരുന്നവരെയുമൊക്കെ കാരിയര്‍മാരായി ഉപയോഗിക്കുന്നു.
ഒമ്പതാംക്ലാസില്‍ പഠിക്കുന്ന വിദ്യാര്‍ഥിയെ ഭീഷണിപ്പെടുത്തി ലക്ഷക്കണക്കിനു രുപയുടെ സ്വര്‍ണം കൈവശമാക്കിയതിന് കോട്ടയം പാമ്പാടിയില്‍ കഴിഞ്ഞ ദിവസം 18 വയസുള്ള അന്‍സല്‍ മുഹമ്മദ്, നിധിന്‍ നിഷാദ്, 19 വയസുള്ള ഷെബിന്‍ എബ്രഹാം എന്നിവരെ പോലീസ് അറസ്റ്റ് ചെയ്തിരുന്നു. ഇവരെ കോടതി റിമാന്‍ഡ് ചെയ്തു. സ്‌കൂളിലെ പൂര്‍വവിദ്യാര്‍ഥികളായ മൂവരും ഒമ്പതാം ക്ലാസുകാരനുമായി സൗഹൃദം സ്ഥാപിച്ചശേഷം വളരെ വിദഗ്ധമായി സ്വര്‍ണം കൈവശപ്പെടുത്തുകയായിരുന്നു. മാതാപിതാക്കളെ വാഹനം ഇടിപ്പിച്ചു കൊല്ലുമെന്നൊക്കെ ഭീഷണിപ്പെടുത്തിയാണ് കുട്ടിയില്‍നിന്ന് സ്വര്‍ണം പല തവണയായി വാങ്ങിച്ചെടുത്ത്. 24ലക്ഷത്തോളം രൂപയുടെ സ്വര്‍ണം ഇപ്രകാരം കൈവശപ്പെടുത്തി. അതു വിറ്റ് വിലകൂടിയ ഐ ഫോണു ബൈക്കുമൊക്കെ വാങ്ങി.
ഇരുപതു വയസുപോലും തികയാത്ത ഈ കുട്ടികള്‍ ഇനി എങ്ങിനെയാവും പൊതുസമൂഹത്തില്‍ പെരുമാറുക? ഇത്രയും വിലപിടിപ്പുള്ള സ്വര്‍ണം വീട്ടില്‍നിന്നു കാണാതായപ്പോഴും വീട്ടുകാര്‍ എന്തേ സംശയിച്ചില്ല? സ്‌കൂളില്‍ ഇത്തരം കാര്യങ്ങള്‍ എന്തുകൊണ്ട് നമ്മുടെ അധ്യാപകര്‍ ശ്രദ്ധിക്കുന്നില്ല? അധ്യാപക വിദ്യാര്‍ഥി ബന്ധം വെറും പാഠപുസ്തകങ്ങളില്‍ മാത്രം ഒതുങ്ങിപ്പോയോ? ലഹരിക്കെതിരേ തെരുവില്‍ മാര്‍ച്ച് നടത്തിയും സെലിബ്രറ്റികള്‍ വന്ന് ബോധവത്കരണം നടത്തിയും മാത്രം ഇതൊക്കെ പരിഹരിക്കാനാവുമോ?
ലഹരിയുടെയും ക്രിമിനലിസത്തിന്റെയും കരാള ഹസ്തങ്ങള്‍ നമ്മുടെ സമൂഹത്തെയാകെയും പ്രത്യേകിച്ച് കുട്ടികളെയും യുവതലമുറയെയും ഞെരിച്ചമര്‍ത്തുമ്പോള്‍ ഭരണകൂടങ്ങളും ഉദ്യോഗസ്ഥ സംവിധാനവും പൊതുസമൂഹവും ജാഗ്രത പാലിച്ചാല്‍ മാത്രം പോരാ, കടുത്ത നടപടികളും വേണം.
നന്ദി, നമസ്‌കാരം.
രചന: സെര്‍ജി ആന്റണി
3 Lakhs
Active Listeners
22
Sub Stations
300+
Charity Activities
150+
Social Initiatives