സദ്ഭരണം അനുഭവമാകണം
അധികാരത്തിനുവേണ്ടിയുള്ള നെട്ടോട്ടം, അതു നഷ്ടപ്പെടുമ്പോള്‍ ഉണ്ടാക്കുന്ന ഇച്ഛാഭംഗം, അതുണ്ടാക്കുന്ന ആകുലതകള്‍, അധികാരമുണ്ടായിരുന്ന കാലത്തു കിട്ടിയിരുന്ന ആദരവും അണികളുടെ ആരവവും ഇല്ലാതാവുമ്പോള്‍ ഉണ്ടാകുന്ന വിഭ്രാന്തി, എങ്ങിനെയും ശ്രദ്ധ പിടിച്ചുപറ്റാന്‍ നടത്തുന്ന അഭ്യാസങ്ങള്‍ ഇവയൊക്കെ നാം നിരന്തരം കണ്ടുവരുന്നതാണ്.
അധികാരമാറ്റം ഉണ്ടാകുമ്പോഴും പഴയ വിധേയത്വം പാറപോലെ തുടരുന്നതും സാധ്യമായ കുന്നായ്മകളൊക്കെ കാട്ടിക്കൂട്ടുന്നതും അപഹാസ്യമാണ്. അതിനു ചില ന്യായങ്ങളൊക്കെ നിരത്താനുണ്ടാവും. പക്ഷേ അനാവശ്യ വിധേയത്വം സമര്‍ഥരായ ഭരണാധികാരികള്‍ അനായാസം കണ്ടെത്തും. അവര്‍ അത് അനുവദിച്ചു കൊടുക്കുകയുമില്ല. മറ്റു ചിലരാകട്ടെ ചില ഒത്തുതീര്‍പ്പുകള്‍ക്കു വിധേയരായെന്നുവരാം. കണ്ണുവെട്ടിച്ചും നിയമത്തിന്റെ ഊടുവഴികള്‍ താണ്ടിയും ചിലര്‍ ചിലതൊക്കെ കാട്ടിക്കൂട്ടും. കണ്ടുപിടിച്ചില്ലെങ്കില്‍ കുഴപ്പമില്ല. പിടിവീണാല്‍ ചിലര്‍ നൈസായി ഒഴിഞ്ഞുമാറും. ചിലര്‍ക്കൊക്കെ ഇഷ്ട ലാവണങ്ങള്‍ നഷ്ടപ്പെട്ടേക്കാം. എങ്കിലും എന്നെങ്കിലുമൊരുനാള്‍ തിരിച്ചുവരാമെന്ന ചിന്തയില്‍ അവര്‍ ഒതുങ്ങിക്കൂടി തക്കം പാര്‍ത്തിരിക്കും.
ഭരണരംഗത്ത് പിടിമുറുക്കണമെങ്കില്‍ ഉദ്യോഗസ്ഥരെ നിലയ്ക്കുനിറുത്തുക തന്നെവേണം. എന്നാല്‍ നീതിയും ന്യായവും നോക്കി കാര്യങ്ങള്‍ ചെയ്യുന്ന സമര്‍ഥരായ ഉദ്യോഗസ്ഥരെ തിരിച്ചറിയുകയും വേണം. അവര്‍ പറയുന്ന കാര്യങ്ങള്‍ മനസിലാക്കി തീരുമാനമെടുക്കാന്‍ കഴിയണം. വ്യക്തിവിരോധം തീര്‍ക്കാനല്ല, കാര്യങ്ങള്‍ ഭംഗിയായി ചെയ്യാനാണ് തങ്ങള്‍ക്ക് അധികാരം തന്നിരിക്കുന്നതെന്ന് എല്ലാവരും തിരിച്ചറിയണമെന്നു ചുരുക്കം.
മുഖ്യമന്ത്രിയുടെ നിര്‍ദേശങ്ങള്‍പോലും നിരാകരിക്കപ്പെടുന്നു. ക്ലിഫ് ഹൗസില്‍ അനാവശ്യ മോടി പിടിപ്പിക്കലോ നിര്‍മാണ പ്രവര്‍ത്തനങ്ങളോ ആവശ്യമില്ലെന്ന് വി.ഡി. സതീശന് മുഖ്യന്ത്രിയായി സ്ഥാനമേറ്റപ്പോള്തന്നെ വ്യക്തമാക്കിയിരുന്നതാണ്. പക്ഷേ ക്ലിഫ് ഹൗസില്‍ ഒരു കോടി രൂപയുടെ അറ്റകുറ്റപ്പണികള്‍ നടത്താന്‍ പൊതുമരാമത്ത് വകുപ്പ് കഴിഞ്ഞ ദിവസം ഉത്തരവിറക്കി. മുഖ്യമന്ത്രിയെയോ മുഖ്യമന്ത്രിയുടെ ഓഫീസിനയോ ഇക്കാര്യം അറിയിച്ചിരുന്നില്ല. സേഫ്റ്റി ഓഡിറ്റിന്റെ ഭാഗമണ് ഈ അറ്റകുറ്റപ്പണി എന്നായി വിശദീകരണം. ഏതായാലും പൊതുമരാമത്ത വകുപ്പിന്റെ ഈ ഉത്തരവ് അടിയന്തരമായി റദ്ദാക്കാന്‍ വകപ്പ് സെക്രട്ടറിക്ക് മുഖ്യമന്ത്രി നിര്‍ദേശം നല്‍കിക്കഴിഞ്ഞു.
രാജാവിനെക്കള് വലിയ രാജഭക്തി കാണിക്കുന്ന ഉദ്യോഗസ്ഥരുമുണ്ട്. ഇവരുടെ ഉദ്ദേശ്യശുദ്ധി തിരിച്ചറിയാന്‍ പലരും ക്ലേശിക്കും. പുറമേ നല്ലതെന്നു തോന്നുമെങ്കിലും ഉള്ളിലെ വിഷം കണ്ടെത്താന്‍ വിഷമിക്കും. ഈ സര്‍ക്കാര്‍ അധികാരമേറ്റ് ആറു മാസമായില്ലെങ്കിലും എത്രയോ ഉത്തരവുകളും തീരുമാനങ്ങളും തിരുത്തേണ്ടിവന്നു. ഇതൊന്നും യാദൃച്ഛികമായി സംഭവിക്കുന്നതല്ല. ബാര്‍ ലൈസന്‍സ് നല്കിയ ഉത്തരവു തന്ന ഉത്തമ ഉദാഹരണം.
അടിയൊഴുക്കുകള്‍ ഏറെയുള്ള മേഖലയായണ് അബ്കാരി വ്യവസായം. പത്തു വര്‍ഷം മുമ്പ യുഡിഎഫ് സര്‍ക്കാര്‍ അധികാരത്തില്‍നിന്ന് ഇറങ്ങുമ്പോള്‍ ആകെയുണ്ടായിരുന്ന ബാറുകളുടെ എത്ര ഇരട്ടിയാണ് ഇപ്പോള്‍ പ്രവര്‍ത്തിക്കുന്നത്. മദ്യനയം തന്നെയാണ് അന്ന് യുഡിഎഫിന്റെ ശവക്കുഴി തോണ്ടിയത്. പത്തു വര്‍ഷത്തിനിപ്പുറം യുഡിഎഫിന്റെ മദ്യനയം വരാനിരിക്കേ പഴയ സര്‍ക്കാരിന്റെ കാലത്തെ നയവും നിയമങ്ങളും ഉത്തരവുകളും അടിസ്ഥാനമാക്കി പുതിയ ബാര്‍ ലൈസന്‍സുകള്‍ ഉദ്യോഗസ്ഥര്‍ നല്കുന്നു, എക്സൈസ് മന്ത്രി പോലും അറിയാതെ. സര്‍ക്കാര്‍ ഉത്തരവുണ്ടല്ലോ, പിന്നെന്തിനാണ് അനുമതി എന്നു ചോദിക്കുന്ന ഉദ്യോഗസ്ഥരുണ്ട്. അതൊന്നും ഇവിടെ വേണ്ട, ഇവിടെയൊരു സര്‍ക്കാരും മന്ത്രിയുമൊക്കെ ഉണ്ടെന്ന് എക്സൈസ് മന്ത്രി എം. ലിജു അസന്നിഗ്ധമായി പറഞ്ഞു കഴിഞ്ഞു.
മദ്യ വ്യവസായ രംഗത്ത് വമ്പന്മാര് ഏറെയുണ്ട്. അവരോടൊക്കെ ഏറ്റുമുട്ടുക അത്ര എളുപ്പമല്ല. എങ്കിലും അന്യായമായ തീരുമാനങ്ങളും അധികാരപരിധി കടന്നുള്ള ഉത്തവുകളുമൊക്കെ മുളയിലേ നുള്ളിയില്ലെങ്കില്‍ പിന്നെ പലരും തലയില്‍ കയറും. പഴവര്‍ഗങ്ങളില്‍നിന്നുള്ള വീര്യം കുറഞ്ഞ മദ്യം ബേക്കറികളിലൂടെ വില്‍ക്കാനുള്ള നയവും തീരുമാനവും കഴിഞ്ഞ സര്‍ക്കാരിന്റേതായിരുന്നു. അതിന്റെ അടിസ്ഥാനത്തില്‍ ഹോര്‍ട്ടി വൈന്‍ വില്ക്കാന് ഒരു ബേക്കറിക്ക് ഈയിടെ അനുമതിയും നല്കി. വാര്‍ത്ത പുറത്തുവന്നതോടെ വിവാദമായി. അവസാനം ആ ഉത്തരവ് പിന്‍വലിച്ചു. മൂന്നു ബിയര്‍ പാര്‍ലറുകള്‍ക്ക് ഈയിടെ അനുമതി നല്കിയതും ചില മുന്‍കാല ഉത്തവുകളുടെ വെളിച്ചത്തിലായിരുന്നു. അതും പിന്‍വലിച്ചു. സ്കൂള്‍ അധ്യാപക നിയമനവുമായി ബന്ധപ്പെട്ട വിവാദ സര്‍ക്കുലര്‍ പിന്‍വലിച്ചെങ്കിലും അതിന് ആധാരമായ സര്‍ക്കാര്‍ ഉത്തരവ് ഇനിയും റദ്ദാക്കിയിട്ടില്ല. അഭിഭാഷക നിയമനങ്ങള്‍ ചിലതും തിരുത്തേണ്ടിവന്നു.
ഇതൊക്കെ സര്‍ക്കാരിന്റെ ദൗര്‍ബല്യമായി കാണുന്നവരുണ്ടാകാം. പക്ഷേ, തിരുത്തലുകള്‍ നടത്തുക തന്നെയാണ് പ്രധാനം. അത് വൈകരുതെന്നു മാത്രം. ഭരണസംവിധാനത്തിന്റെ സങ്കീര്‍ണത പല കുഴപ്പങ്ങളും വിളിച്ചുവരുത്തും. അത് തക്ക സമയത്ത് തിരുത്തുകയും വേണ്ട മാറ്റങ്ങളോടെ പുനരാവിഷ്കരിച്ചു നടപ്പാക്കുകയും വേണം. അവിടെ ഇടുങ്ങിയ രാഷ്ട്രീയമല്ല, വിശാലമായ ജനകീയതയാണ് വേണ്ടത്.
പുതിയ സര്‍ക്കാര്‍ നിലവില്‍ വന്ന് ഇത്രയും കാലമായിട്ടും ഒട്ടുമിക്ക ബോര്‍ഡ്, കോര്പറേഷന് നിയമനങ്ങളും നടന്നിട്ടില്ല. ഘടകകക്ഷികളുടെ അവകാശവാദങ്ങളും സ്ഥാനമോഹികളുടെ ആള്‍ക്കൂട്ടവുമൊക്കെ യുഡിഎഫിന് എക്കാലവും തീരുമാനങ്ങള്‍ വൈകിക്കുന്ന പ്രധാന പ്രതിസന്ധിയാണ്. പക്ഷേ മാറിയ കാലത്തിനനുസരിച്ച് മുന്നണിയും ഭരണവുമൊക്കെ ഊര്‍ജിതമാക്കണം. തീരുമാനങ്ങള്‍ വൈകിക്കുന്ന നൂലാമാലകളുടെ കുരുക്കുകള്‍ എത്രയും പെട്ടെന്ന് അഴിക്കന്നതിലാണ് ഭരണമികവ് അടങ്ങിയിരിക്കുന്നത്.
ഉപജാപകസംഘവും ഗ്രൂപ്പ് മാനേജര്‍മാരും, സമ്മര്‍ദ ഗ്രൂപ്പുകളും കോര്‍പറേറ്റുകളുമൊക്കെ രാഷ്ട്രീയ, ഭരണരംഗത്തെ എക്കാലവും വിരല്‍ത്തുമ്പില്‍ നിര്‍ത്താന്‍ ശ്രമിക്കാറുണ്ട്. എന്നാല്‍ അതിനെ അതിജീവിച്ചവരാണ് മികച്ച ഭരണാധികാരികളുടെ പട്ടികയില്‍ പെട്ടത്. ആഘോഷങ്ങളും ആശയങ്ങളും പ്രവര്‍ത്തനങ്ങളും സമന്വയിക്കുന്നതാവും മുന്നോട്ടുള്ള യാത്ര എന്ന് സംസ്ഥാന രൂപീകരണത്തിന്റെ എഴുപതു വര്‍ഷം പിന്നിടുമ്പോള്‍ നല്കുന്ന വാഗ്ദാനം എത്രമാത്രം നടപ്പാകുന്നുണ്ടെന്നാണ് ജനം കാത്തിരിക്കുന്നത്.
ഉന്നത ഉദ്യോഗസ്ഥ തലത്തില്‍ ഇതിനോടകം പല തവണ മാറ്റം ഉണ്ടായി. ഇന്നലെയും ഇത്തരമൊരു വമ്പന്‍ അഴിച്ചുപണി നടന്നു. സര്‍ക്കാരിന്റെ നയങ്ങളും തീരുമാനങ്ങളും നടപ്പാക്കുന്നതില്‍ ഉദ്യോഗസ്ഥര്‍ക്കു വലിയ പങ്കുവഹിക്കാനുണ്ട്. അതോടൊപ്പം അധികാരകേന്ദ്രങ്ങളെ യാഥാര്‍ഥ്യങ്ങള്‍ ബോധ്യപ്പെടുത്താനും നീതിയുക്തമായ തീരുമാനങ്ങള്‍ നടപ്പാക്കാനും അവര്‍ക്കു ചുമതലയുണ്ട്.
'മാറ്റത്തിന്റെ പുതുയുഗം' എന്ന തലക്കെട്ടോടെ കേരളപ്പിറവി ദിനമായ നവംബര്‍ ഒന്നിന് കേരള സര്‍ക്കാരിന്റെ ഇന്‍ഫര്‍മേഷഷന്‍ പബ്ലിക് റിലേഷന്‍സ് വകുപ്പ് മാധ്യമങ്ങള്‍ക്കു നല്കിയ വമ്പന്‍ പരസ്യത്തില്‍ സഹാനുഭൂതിയോടെയുള്ള സദ്ഭരണമാണ് ലക്ഷ്യമെന്നു പ്രഖ്യാപിച്ചിട്ടുണ്ട്. 'ഗുഡ് ഗവേണന്‍സ് വിത്ത് എമ്പതി'. ആഴവും അര്ഥവുമുളളതാണീ മുദ്രാവാക്യം. സഹാനുഭൂതി ജനങ്ങളോടാകണം. നല്ല ഭരണത്തിന്റെ ഫലം ജനങ്ങളിലേക്ക് എത്തണം.
നന്ദി, നമസ്കാരം.
രചന: സെര്‍ജി ആന്റണി
3 Lakhs
Active Listeners
22
Sub Stations
300+
Charity Activities
150+
Social Initiatives