Blog Story

വാര്‍ത്താവീക്ഷണം
Radio Media Village 90.8 FM November 02, 2026 Community Blog

വാര്‍ത്താവീക്ഷണം

സങ്കീര്‍ണം നമ്മുടെ സാമൂഹിക ജീവിതം

കുടുംബന്ധങ്ങളിലെ അസ്വാരസ്യങ്ങള്‍, കുട്ടികളുടെ സ്വാഭാവ രൂപീകരണത്തിലെ പ്രതിസന്ധികള്‍, യുവജനങ്ങളുടെ ഇടയിലെ അസ്വസ്ഥതകള്‍, അവര്‍  നേരിടുന്ന നിരവധിയായ പ്രശ്‌നങ്ങള്‍ എന്നിവയൊക്കെ എല്ലാ സമൂഹങ്ങളിലും ഉണ്ടാകും. എന്നാല്‍ ഓരോ സമൂഹത്തിലും അതിന്റെ ആഘാതം പരമവാധി കുറയ്ക്കാനാകണം ഭരണകൂടവും സാമൂഹ്യ, ആത്മീയ പ്രവര്‍ത്തകരുമൊക്കെ ശ്രമിക്കേണ്ടത്.

അത്തരം ശ്രമങ്ങള്‍ കേരള സമൂഹത്തില്‍ ഒട്ടും കുറവല്ല. ഭരണകര്‍ത്താക്കളും സാമൂഹിക സാംസ്‌കാരിക പ്രവര്‍ത്തകരുമൊക്കെ ഉപദേശ നിര്‍ദേശങ്ങള്‍ നല്‍കുന്നതില്‍ ഒട്ടും പി്‌ന്നോട്ടല്ല. അവര്‍ അതൊക്കെ പാലിക്കുന്നുണ്ടോ എന്നൊന്നും ചോദിക്കരുത്. ഉദ്‌ബോധനങ്ങളണല്ലോ പ്രധാനം, ഉത്തമ മാതൃകള്‍ വിരളം.

സമൂഹത്തില്‍ ഉന്നത സ്ഥാനങ്ങള്‍ വഹിക്കുന്നവരും മാതൃകയായി മ്ാറേണ്ടവരുമൊക്കെ വഴി തെറ്റി നീങ്ങുമ്പോള്‍ വിമര്‍ശനങ്ങള്‍ ഉയരുക സ്വാഭാവികം. എത്ര വലിയ കുറ്റകൃത്യം ചെയ്താലും അഴിമതി കാട്ടിയാലും രക്ഷപ്പെട്ടു പോരാന്‍ വഴികള്‍ ഏറെ ഉണ്ടെന്നത് ഒരു സമൂഹത്തിന്റെ ഏറ്റവും വലിയ ദൗര്‍ബല്യമാണ്. ചേരാനല്ലൂരിലെ വാഹനാപകടവുമായി ബന്ധപ്പെട്ട പരാതികള്‍ ഇപ്പോഴും തുടരുന്നു. തട്ടു കട നടത്തി കുടുംബം പുലര്‍ത്തുപ്പോന്ന ഗൃഹനാഥന്റെ മരണം വരുത്തിയ വലിയ ആഘാതത്തെ അധികരിക്കുന്നതാണ് ഇതുമായി ബന്ധപ്പെട്ട കേസില്‍ ആ കുടുംബം നേരിടുന്ന പ്രതിസന്ധികള്‍.

പത്തൊമ്പതുകാരന്‍ ഓടിച്ച കാറിടിച്ച് കാക്കനാട്ട് മൂന്നുപേര്‍ കൊല്ലപ്പെട്ട അപകടത്തിലും ഇത്തരം ദുസ്വാധീനങ്ങള്‍ തുടക്കത്തിലേ ആരോപിക്കപ്പെട്ടിരുന്നു. രണ്ടു സംഭവങ്ങളിലും പോലീസ് ഉദ്യോഗസ്ഥര്‍ പലരും നടപടി നേരിട്ടെങ്കിലും ഇതിന്റെയൊക്കെ തുടര്‍ക്കഥകള്‍ എന്താവും എന്നത് കാത്തിരുന്നു കാണാം.

ഇതിനിടെ കേരളത്തിന്റെ സാമൂഹിക ഗാത്രത്തില്‍ പടര്‍ന്നുപിടിക്കുന്ന മറ്റു ചില വൈറസുകള്‍ പരത്തുന്ന മാറാവ്യാധികള്‍ കൂടുതല്‍ ആശങ്ക പരത്തുന്നു. മത തീവ്രവാദം, ലഹരി ഉപയോഗം, സാമ്പത്തിക ക്രമക്കേടുകള്‍ തുടങ്ങി നിരവധിയായ പ്രശ്‌നങ്ങളാണ് കേരളീയ സമൂഹം നേരിടുന്നത്. സുരക്ഷിതമായ ജീവിതം സ്വന്തം വീട്ടില്‍പോലും സാധ്യമല്ലാത്ത സാഹചര്യമുണ്ട്. കുട്ടികളും വയോധികരുമൊക്കെ വലിയ പീഡനങ്ങള്‍ നേരിടുന്നു. മദ്യം നല്‍കാന്‍ പണം നല്‍കാത്തതിന്റെ പേരില്‍ 52 വയസുള്ള മകന്‍ 78 വയസുള്ളസ്വന്തം അമ്മയെ ഇരുമ്പു വടിക്ക് അടിച്ചു കൊലപ്പെടുത്തിയ സംഭവം ഫോര്‍ട്ട് കൊച്ചിയല്‍ നിന്നു വരുന്നു. കൊല്ലപ്പെട്ട വീട്ടമ്മയുടെ മകളുടെ പരാതിയില്‍ സഹോദരനെ അറസ്റ്റ് ചെയ്തിട്ടുണ്ട്.

മുത്തശിയുടെ പ്രേതബാധ ഒഴിപ്പിച്ചു നല്‍കാമെന്നു പറഞ്ഞ് പതിനാറുകാരിയെ ലൈംഗികമായ പീഡിപ്പിച്ച കേസില്‍ യുട്യൂബര്‍കൂടിയായ മതപാഠശാല ഡയറക്ടര്‍ കഴിഞ്ഞ ദിവസം ഓച്ചിറയില്‍ അറസ്റ്റിലായിരുന്നു. പെണ്‍കുട്ടിയുടെ മാതാപിതാക്കളുടെ പരാതിയിലായിരുന്നു അറസ്റ്റ്. സമൂഹ മാധ്യമ അക്കൗണ്ടുകളില്‍ അഞ്ചു ലക്ഷത്തോളം ഫോളോവര്‍മാരുള്ളയാളാണ് ഈ 34 കാരന്‍. സമൂഹമാധ്യമങ്ങളിലും പൊതുവേദികളിലുമൊക്കെ  തിളങ്ങി നില്‍ക്കുന്ന പലരും ഇത്തരം സംഭവങ്ങളില്‍ ഉള്‍പ്പെടുമ്പോള്‍ കേരളീയ സമൂഹത്തിലെ അപചയങ്ങളുടെ നേര്‍ചിത്രം തന്നെയാണത്.

അടൂരില്‍ ജില്ലാ പഞ്ചായത്ത് അംഗമായ വനിതാ രാഷ്ട്രീയ നേതാവിനെ അപഹസിച്ച് വീഡിയോ ചെയ്ത് യൂട്യൂബറെ പോലീസ് സ്‌റ്റേഷനില്‍ വച്ച് അവരും കൂട്ടാളികളും നേരിടുന്ന വീഡിയോ ദൃശ്യങ്ങള്‍ ഈ ദിവസങ്ങളിലാണു പുറത്തുവന്നത്. വാര്‍ത്താ ചാനലില്‍ വന്നിരുന്ന് അതൊക്കെ ന്യായീകരിക്കുകയും അത്തരം ന്യായീകരണങ്ങള്‍ക്ക് കൗണ്ടര്‍ വാദമുഖങ്ങള്‍ ഉയര്‍ത്തുകയും ചെയ്യുന്നവര്‍ക്ക് പൊതുസമൂഹത്തെ കുറെക്കാലത്തേക്ക് തെറ്റിദ്ധരിപ്പിക്കാനായേക്കാം. സംഭവം നടന്നത് കഴിഞ്ഞ ജൂലൈയില്‍ ആയിരുന്നുവങ്കിലും ഇതിന്റെ വീഡിയോ ദൃശ്യങ്ങള്‍ ഇപ്പോഴാണ് പുറത്തുവരുന്നതും വിവാദമകുന്നതും. ഇവിടെ പോലീസുകാരും ഏടാകൂടത്തിലായി. ഏതായാലും ഈ കേസിലും ചില കടുത്ത നടപടികള്‍ക്കു സര്‍ക്കാരും പോലീസും നിര്‍ന്ധിതമായിട്ടുണ്ട്.

കായികമേളകളും കലോത്സവങ്ങളും എന്നുവേണ്ട ബിരുദദാന ചടങ്ങുപോലും കലാപവേദികളായി മാറുമ്പോള്‍ എങ്ങിനെയാണ് കേരളം എന്നു കേള്‍ക്കുമ്പോള്‍ നമ്മുടെ അന്തരംഗം അഭിമാനപൂരിതമാവുന്നത്. കൊല്ലത്ത് കേരള ആരോഗ്യ സര്‍വകലാശാല ദക്ഷിണ മേഖലാ കലോത്സവത്തില്‍ കീരീടം നേടിയ തിരുവനന്തപുരം മെഡിക്കല്‍ കോളജിലെ വിദ്യാര്‍ഥികള്‍ക്ക് നേരേ ഇന്നലെ ചിലര്‍ ആക്രമണം അഴിച്ചുവിട്ടു. പെണ്‍കുട്ടികള്‍ ഉള്‍പ്പെടെ പത്തു പേര്‍ക്കു പരിക്കേറ്റു. കലോത്സവത്തിന്റെ സമാപന സമ്മേളനത്തിനു തൊട്ടുമുമ്പാണ് ഇരുമ്പുകമ്പിയും ഹോക്കി സ്റ്റിക്കുമൊക്കെ ഉപയോഗിച്ച് മെഡിക്കല്‍ വിദ്യാര്‍ഥികളെ ആക്രമിച്ചത്. പുറത്തുനിന്നെത്തിയവരാണ് ആക്രമണം നടത്തിയതെന്നാണ് വിദ്യാര്‍ഥികള്‍ ആരോപിക്കുന്നത്.

പിഎസ് സി നിയമനങ്ങളിലും മറ്റു നടന്ന വലിയ തിരിമറികളുടെ കഥകള്‍ പുറത്തവരുമ്പോള്‍ യുവതലമുറ വലിയ ആശങ്കയിലാണ്. കേരളത്തിലെ യുവത നേരിടുന്ന നിരവധിയായ പ്രശ്‌നങ്ങളിലേക്ക് സമൂഹത്തിന്റെ ശ്രദ്ധ ഇനിയും ശരിക്കും പതിഞ്ഞിട്ടില്ല. പല യാഥാര്‍ഥ്യങ്ങളും വിസ്മരിക്കപ്പെട്ടുപോകുന്നു. പക്ഷേ അതുളവാക്കുന്ന പ്രതിസന്ധികള്‍ നമ്മുടെ സമൂഹഗാത്രത്തെ ആഴത്തില്‍ സ്പര്‍ശിക്കുന്നതാണ്.

വിവാഹ പ്രായം കഴിഞ്ഞിട്ടും യോജിച്ച പങ്കാളികളെ കണ്ടെത്താനാവാത്ത ധാരാളം പേര്‍ നമ്മുടെ നാട്ടിലുണ്ട്. മത, സാമുദായിക സംഘടനകളൊക്കെ ഈ പ്രശ്‌നം പരിഹരിക്കാന്‍ ശ്രമം നടത്തുന്നുമുണ്ട്. എങ്കിലും പ്രശ്‌നം എത്രമാത്രം ഗുരുതരമാണെന്ന് ഇന്നലെ കോഴിക്കോട് കാരന്തൂര്‍ മഹാദേവക്ഷേത്ര പരിസരത്തേക്ക് ഒഴുകിയെത്തിയ വിവാഹാര്‍ഥികളുടെയും രക്ഷിതാക്കളുടെ പ്രവാഹം വ്യക്തമാക്കുന്നു. കേരളം നേരിടുന്ന വലിയൊരു സാമൂഹിക പ്രശ്‌നത്തിന്റെ വ്യാപ്തിയും ഗൗരവവും ഇവിടെ ബോധ്യമായി.

മതപരമായ ചടങ്ങുകള്‍ക്കപ്പുറം സാമൂഹികമായ ഇടപെടലുകളും നടത്തുന്ന ക്ഷേത്ര ഭാരവാഹികള്‍ നാട്ടിലെ അവിവാഹിതരായ യുവജനങ്ങള്‍ക്ക് ജീവിത പങ്കാളികളെ കണ്ടെത്താനുള്ള ഒരു ശ്രമം നടത്തി. നാട്ടിലുള്ള അവിവാഹിതരെയാണ് സംഘാടകര്‍ പ്രധാനമായും ഉദ്ദേശിച്ചത്. ആയിരത്തിഅഞ്ഞൂറോളം അപേക്ഷാ ഫാറങ്ങള്‍ അച്ചടിച്ചു വച്ചിരുന്നു. പക്ഷേ ഇന്നലെ അവിടേക്ക് ജനപ്രവാഹമായിരുന്നു. ഏകദേശം ഏഴായിരത്തോളം പേര്‍ വിവാഹത്തിനു പങ്കാളികളെ തേടി അപേക്ഷ നല്‍കാന്‍ എത്തി. ഞായറാഴ്ചയായിരുന്നതുകൊണ്ട് അധിക അപേക്ഷാഫോം സംഘടിപ്പിക്കാനും സംഘാടകര്‍ പാടുപെട്ടു. അവസാനം ഫോം അച്ചടിച്ച പ്രസ് തുറപ്പിച്ച് നാലായിരം അപേക്ഷാ ഫോമുകള്‍കൂടി അടിപ്പിച്ചെടുത്തു വിതരണം ചെയ്തു.

സംഘാടകരെപ്പോലും അത്ഭുതപ്പെടുത്തി അവിവാഹിതരുടെ ഈ പ്രവാഹം. സമീപ ജില്ലകളില്‍നിന്നുപോലും ആളുകള്‍ തലേദിവസം തന്നെ എത്തി ഇവിടെ താമസിച്ച് അപേക്ഷ നല്‍കി. ഏതായാലും പ്രശ്‌നത്തിന്റെ ഗൗരവം മനസിലാക്കിയ ക്ഷേത്ര ഭാരവാഹികള്‍ വരും മാസങ്ങളിലും ഈ അപേക്ഷ സ്വീകരിക്കല്‍ തുടരാന്‍ പ്ലാനിടുകയാണ്. പക്ഷേ, ഒരു പ്രധാന പ്രശ്‌നം ഉണ്ട്. അപേക്ഷകരില്‍ 80 ശതമാനുവം 30 വയസിനു മുകളില്‍ പ്രായമുള്ള പുരുഷന്മരാണ്. ഇവര്‍ക്കു പറ്റിയ ജീവിത പങ്കാളികളെ കണ്ടെത്താന്‍ ക്ഷേത്ര സമിതി ഏറെ പാടുപെടേണ്ടിവരും. ഏതായാലും കേരളം ഇന്നു നേരിടുന്ന മറ്റൊരു ഗുരുതര മാനുഷിക, കുടുംബ പ്രശ്‌നത്തിന്റെ നേര്‍ക്കാഴ്ചയായി മാറി കാരന്തൂര്‍ ക്ഷേത്രത്തിലെ ഇന്നലത്തെ തിക്കും തിരക്കും.

നന്ദി, നമസ്‌കാരം.

രചന: സെര്‍ജി ആന്റണി

Share this article

3 Lakhs

Active Listeners

22

Sub Stations

300+

Charity Activities

150+

Social Initiatives