മനുഷ്യജീവന്റെ കാലാവധി കുറയ്ക്കുന്നതാര്?
കേരളത്തിലെ ആരോഗ്യരംഗവുമായി ബന്ധപ്പെട്ട പല വിവാദങ്ങളും കടുത്ത ആശങ്ക ഉണര്‍ത്തുന്നു. മുന്‍ വര്‍ഷങ്ങളില്‍ നിപ്പ രോഗബാധിതര്‍ക്ക് കാലാവധി കഴിഞ്ഞ മരുന്നു കൊടുത്തതുമായി ബന്ധപ്പെട്ട് ഇന്നലെ ആരോഗ്യമന്ത്രി കെ. മുരളീധരന്‍ നിയമസഭയില്‍ നടത്തിയ വെളിപ്പെടുത്തല്‍ ഏറെ ഗൗരവമുള്ളതാണ്. ആരോപണം അടിസ്ഥാന രഹിതമാണെന്ന് ചില ആരോഗ്യ പ്രവര്‍ത്തകര്‍ പറയുന്നു. എന്നാല്‍ ഇതു തന്റെ അഭിപ്രായമല്ലെന്നും ആരോഗ്യവിദഗ്ധര്‍ നല്‍കിയ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലുള്ളതാണെന്നും ആരോഗ്യമന്ത്രി ഇന്നും ആവര്‍ത്തിച്ചു. നിപ്പ, കോവിഡ് പോലുള്ള രോഗങ്ങള്‍ക്കു നല്‍കുന്ന റെംഡിസിവര്‍ എ്ന്ന മരുന്നാണ് ഈ വിവാദത്തില്‍ ഉള്‍പ്പെട്ടതെങ്കിലും അതിനും മീതേ മറ്റു പല ദുരൂഹതകളും മരുന്നുകളുമായി ബന്ധപ്പെട്ടു വരുന്നു.
കേരള മെഡിക്കല്‍ സര്‍വീസസ് കോര്‍പറേഷന്‍ മുഖേന മാത്രമേ ഈ മരുന്ന് ആശുപത്രികളില്‍ വിതരണം ചെയ്യപ്പെട്ടിട്ടുള്ളൂവെന്ന് ആരോഗ്യമന്ത്രി നിയസമഭയില്‍ ഒരു സബ്മിഷനു മറുപടിയായി പറഞ്ഞിരുന്നു. 2023 മേയ് 30ന് കാലാവധികഴിഞ്ഞ മരുന്ന് പിന്നീടും രോഗികള്‍ക്കു നല്‍കി. ഈ കാലയളവില്‍ നിപ്പ ബാധിച്ച 11 പേരില്‍ ആറു പേരാണ് മരിച്ചത്. കാലാവധി കഴിഞ്ഞ മരുന്ന് ഇവര്‍ക്കു നല്‍കിയിട്ടുണ്ടോ എന്നത് കൂടുതല്‍ അന്വേഷത്തിലുടെ മാത്രമേ വ്യക്തമാകൂ.
പഴകിയ മരുന്ന് ഉപയോഗിച്ചതിനെക്കുറിച്ച് അ്‌ന്വേഷിക്കാന്‍ പ്രത്യേക മെഡിക്കല്‍ ബോര്‍ഡ് രൂപീകരിച്ചിട്ടുണ്ട്. തിരുവനന്തപുരം മെഡിക്കല്‍ കോളജിലെ പകര്‍ച്ചവ്യാധി ചികിത്സാവിഭാഗം മേധാവി ഡോ. ആര്‍. അരവിന്ദാണ് ഈ സംഘത്തെ നയിക്കുന്നത്.
കഴിഞ്ഞ ആറുമാസത്തിനുള്ളില്‍ ഒരു രോഗിക്കു മാത്രമാണ് നിപ്പ ബാധിച്ചതായി വ്യക്തമായത്. ഇക്കഴിഞ്ഞ ജൂണിലായിരുന്നു അത്. ബഹ്‌റൈനില്‍നിന്നും മരുന്നുവരുത്തി നല്‍കിയാണ് ആ രോഗിയെ രക്ഷപ്പെടുത്തിയത്.
സഹസ്രകോടികളുടെ ബിസിനസാണ് മരുന്നു വില്പന രംഗത്തു നടക്കുന്നത്. ബഹുരാഷ്ട്ര കമ്പനികളുടെ തേര്‍വാഴ്ചയും ഇവിടെ കാണാം. ജെനറിക് മരുന്നുകളുമായി ബന്ധപ്പെട്ട വിവാദം ഇപ്പോള്‍ സജീവമാണ്. സര്‍ക്കാര്‍ നടത്തുന്ന കേരള മെഡിക്കല്‍ സര്‍വീസ് കോര്‍പറേഷന്‍ വഴി വാ്ങ്ങി വിതരണം ചെയ്യുന്ന മരുന്നുകളെക്കുറിച്ചും അതിന്റെ സാമ്പത്തിക ഇടപാടുകളെക്കുറിച്ചും സമീപകാലത്ത് വലിയ ആരോപണങ്ങള്‍ ഉയര്‍ന്നിട്ടുണ്ട്. ഇപ്പോഴത്തെ നിപ്പ മരുന്നുവിവാദത്തിലും ഇതു കാണാം.
കെഎംസിഎല്‍ വഴിയായി കോഴിക്കോട് മെഡിക്കല്‍ കോളജില്‍ എത്തിയ ഒരു അമേരിക്കന്‍ കമ്പനിയുടെ മരുന്ന് ക്ലിനിക്കല്‍ ട്രയലിന് ഉള്ളതാണെന്നു രേഖപ്പെടുത്തിയിരുന്നു. എന്നാല്‍ ഈ മരുന്നു വാ്ങ്ങിയതുമായി ബന്ധപ്പെട്ട് രേഖകളൊന്നും ഇല്ല. നിര്‍മാണ തീയതിയും ഇതില്‍ രേഖപ്പെടുത്തിയിരുന്നില്ല. ചില സാമ്പിള്‍ മരുന്നുകളില്‍ നിര്‍മാണ തീയതി രേഖപ്പെടുത്താറില്ല എന്നതാണ് ഇതിനുള്ള ന്യായവാദം. എങ്കില്‍ ആരാണ് അത് രോഗികളില്‍ ഉപയോഗിക്കാന്‍ അനുമതി നല്‍കിയതെന്നു കണ്ടെത്തെണം.
കാരുണ്യ പദ്ധതി പ്രകാരം 42 ലക്ഷം രൂപ നല്‍കിയാണ് കെഎംഎസ് സിഎല്‍ മൂവായിരം വയര്‍ റെഡിസീവര്‍ മരുന്നു വാങ്ങിയത്. 2023 മേയ് 30ന് ഈ മരുന്നിന്റെ കാലാവധി കഴിഞ്ഞെങ്കിലും തുടര്‍ന്നുള്ള വര്‍ഷങ്ങളിലും കാലാവധി കഴിഞ്ഞ മരുന്ന് ഉപയോഗിച്ചതായി കോഴിക്കോട് മെഡിക്കല്‍ കോളജിലെ രേഖകളില്‍ വ്യ്ക്തമാകുന്നു.
സര്‍ക്കാര്‍ മരുന്നു കമ്പനിയെക്കുറിച്ചു നേരത്തതന്നെ നിരവധി ആരോപണങ്ങള്‍ ഉയര്‍ന്നിരുന്നു. ഗുണനിലവാരം കുറഞ്ഞതും വിലക്കൂടുതല്‍ ഉള്ളതുമായ വിവിധ ഇനം മരുന്നുകള്‍ 962 കോടി രൂപ മുടക്കി കഴിഞ്ഞ വര്‍ഷം വാങ്ങിയതിനെക്കുറിച്ച് മറ്റൊരു വിജിലന്‍സ് അന്വേഷണം നടക്കുന്നുണ്ട്. മരുന്നു വാങ്ങലുമായി ബന്ധപ്പെട്ട അഞ്ഞൂറോളം ഫയലുകള്‍ ആരോഗ്യവകുപ്പിന്റെ ആസ്ഥാനത്തുനിന്നു കാണാതായതായും വാര്‍ത്ത വന്നിരുന്നു. ഇതെത്തുര്‍ന്നാണ് പോലീസ് അന്വേഷണവും പിന്നീട് വിജിലന്‍സ് അന്വേഷണവുമൊക്കെ വന്നത്.
കോവിഡ്, നിപ്പ പ്രതിരോധത്തിന്റെ പേരില്‍ നടത്തിയ പല അവകാശവാദങ്ങളുടെയും മുനയൊടിക്കുന്നതാണ് ഈ വെളിപ്പെടുത്തലുകളും അന്വേഷണ വിവരങ്ങളും. വിദഗ്ധ സമിതിയുടെ വിശദമായ റിപ്പോര്‍ട്ട് വരുന്നതോടെ ഇക്കാര്യത്തിലെ ദൂരൂഹതകള്‍ മാറുമെന്നു പ്രതീക്ഷിക്കാം. പക്ഷേ ഗുരുതരമായ ഇത്തരം വീഴ്ചകള്‍ക്ക് ഉത്തരവാദികളായവര്‍ പലപ്പോഴും രക്ഷപ്പെടും.
സര്‍ക്കാര്‍ മെഡിക്കല്‍ കോളജുകളിലും ആശുപത്രികളിലും ചികിത്സയക്ക് എത്തുന്ന രോഗികളുടെ അവസ്ഥ എത്ര ദയനീയമാണെന്ന് ഈ സംഭവങ്ങള്‍ വ്യക്തമാക്കുന്നു. സ്വകാര്യ ആശുപത്രികളിലെ ചികിത്സാച്ചെലവ് താങ്ങാനാവാത്ത സാധാരണക്കാരാണ് സര്‍ക്കാര്‍ ആശുപത്രികളെ ആശ്രയിക്കുന്നത്. അവരുടെ ജീവന്‍വച്ച് വിലപേശുകയും അഴിമതി നടത്തുകയും ചെയ്യുന്നവരെ നിയമത്തിനു മുന്നില്‍ കൊണ്ടുവരികയും തക്ക ശിക്ഷ നല്‍കുകയും വേണം. കോടികളുടെ മരുന്നു കച്ചവടത്തില്‍ ഇടനിലക്കാരും മറ്റ് ഉന്നതരും ഉള്‍പ്പെട്ടിട്ടുണ്ടാവും. അതൊക്കെ കണ്ടെത്തണം. ദുസ്വാധീനമുപയോഗിച്ച് രക്ഷപ്പെടാന്‍ ആരെയും അനുവദിക്കരുത്.
കോട്ടയം മെഡിക്കല്‍ കോളജ് ആശുപത്രിയുടെ പുതിയ സര്‍ജിക്കല്‍ ബ്ലോക്ക് കെട്ടിടത്തിന്റെ സീലിംഗും ഭിത്തിയും ബുധനാഴ്ച അടര്‍ന്നുവീണു. തലനാരിഴയ്ക്കാണ് ശുചിമുറിയിലേക്കു കടക്കാന്‍ ശ്രമിച്ച ജീവനക്കാരി രക്ഷപ്പെട്ടത്. ഇതിനു മുമ്പും ഈ കെട്ടിടത്തിന്റെ നിര്‍മാണപ്പിഴവിലെ പോരായ്മകള്‍ ശ്രദ്ധിക്കപ്പെട്ടിരുന്നു. സീലിംഗ് പല തവണ അടര്‍ന്നുവീണു. പൈപ്പു പൊട്ടി വെള്ളം പരക്കുന്നത് പതിവാണ്. 259 കോടി രൂപ കിഫ്ബി ഫണ്ടില്‍നിന്നു ചെലവഴിച്ച് നിര്‍മിച്ച ഈ കെട്ടിടം കഴിഞ്ഞ ഫെബ്രുവരിയില്‍ അന്നത്തെ മുഖ്യമന്ത്രി പിണറായി വിജയനാണ് ഉദ്ഘാടനം ചെയ്തത്.
സര്‍ക്കാര്‍ ആശുപത്രികളിലെ ജോലിഭാരവും ഭൗതിക സാഹചര്യങ്ങളുടെ അപര്യാപ്തതയും ഒന്നിനൊന്ന് വര്‍ധിച്ചുവരികയാണ്. എന്നിട്ടും സര്‍ക്കാര്‍ ആശുപത്രികളെ ആശ്രയിക്കുന്നവരുടെ എണ്ണം ഒട്ടും കുറയുന്നില്ല. മറിച്ച് അതു നിരന്തരം വര്‍ധിച്ചുവരികയാണ്. പല ആശുപത്രികളിലും ഡോക്ടര്‍മാര്‍ക്ക് താങ്ങാവുന്നതില്‍ അധികമാണ് രോഗികളുടെ എണ്ണം. ആവശ്യത്തിനു ഡോക്ടര്‍മാര്‍ ലഭ്യമല്ല എന്നതു പതിവു പ്രശ്‌നം. സേവന വേതന വ്യവസ്ഥകളുടെ അപര്യാപ്തത പലരെയും സ്വകാര്യ ആശുപ്രതികളിലേക്കും വിദേശത്തും പോകാന്‍ പ്രേരിപ്പിക്കുന്നു. എങ്കിലും മികച്ച ഡോക്ടര്‍മാരുടെ സേവനം ലഭ്യമാകുമെന്ന പ്രതീക്ഷയാണ് ഇപ്പോഴു ജനങ്ങളെ ഇവിടേക്ക് ആകര്‍ഷിക്കുന്നത്. തുടര്‍ച്ചയായി ശിശുമരണങ്ങളുണ്ടായ സാഹചര്യത്തില്‍ ആദിവാസി മേഖലയിലെ ആരോഗ്യവകുപ്പിന്റെ പ്രവര്‍ത്തനങ്ങള്‍ വിലയിരുത്തുന്നതിനു ഏകോപിപ്പിക്കുന്നതിനും ആരോഗ്യമന്ത്രി നാളെ അവിടെ എത്തുന്നുണ്ട്.
സമ്പന്നര്‍ക്ക് വന്‍കിട സ്വകാര്യ ആശുപത്രികളുണ്ട്. സാധാരണക്കാരുടെ കാര്യം കൈകാര്യം ചെയ്യേണ്ട ഭരണാധികാരികള്‍ക്കും എംഎല്‍എമാര്‍ക്കുമൊക്കെ ചികിത്സാച്ചെലവ് ഖജനാവില്‍നിന്നു കിട്ടും. ആരോഗ്യപരിപാലനത്തിനു നീക്കിവയ്ക്കുന്ന തുക അടിച്ചുമാറ്റുന്നവരെയും മരുന്ന് ഇടപാടില്‍പോലും തട്ടിപ്പു നടത്തുന്നവരെയും വെറുതെ വിടാന്‍ പാടില്ല. ശിശുമരണ നിരക്കിലെ കുറവും ആയുര്‍ദൈര്‍ഘ്യവും ആരോഗ്യമേഖലയ്ക്കുള്ള വലിയ ബജറ്റ് വിഹിതവുമൊക്കെ ചൂണ്ടിക്കാട്ടി കേരളത്തിലെ ആരോഗ്യരംഗത്തെക്കുറിച്ച് വിമ്പു പറഞ്ഞിരുന്ന നാം ഇനി യഥാര്‍ഥ വസ്തുതകളിലേക്കു കടന്നുവരണം.
നന്ദി, നമസ്‌കാരം.
രചന: സെര്‍ജി ആന്റണി
3 Lakhs
Active Listeners
22
Sub Stations
300+
Charity Activities
150+
Social Initiatives