Blog Story

വാര്‍ത്താവീക്ഷണം: ഏകോപനം പരമപ്രധാനം
Radio Media Village 90.8 FM July 15, 2026 Community Blog

വാര്‍ത്താവീക്ഷണം: ഏകോപനം പരമപ്രധാനം


ഭരണാധികാരികളുടെ പ്രഖ്യാപനങ്ങള്‍ക്കൊപ്പം ഭരണതലത്തിലും കാര്യക്ഷമത ഉണ്ടാകണം. പ്രഖ്യാപനങ്ങള്‍ പലതും പൊതുസമൂഹത്തെ ആവേശഭരിതരാക്കുമെങ്കിലും പിന്നീട് അതിന്റെ നടത്തിപ്പിന്റെ കാര്യത്തില്‍ വേണ്ടത്ര ശുഷ്‌കാന്തി ഉണ്ടാകുന്നില്ല. പഞ്ചായത്തു തലം മുതല്‍ കേന്ദ്ര പദ്ധതികള്‍ക്കുവരെ ഇതു ബാധകമാണ്. വിവിധ വകുപ്പുകളുടെ ഏകോപനം, കൂട്ടായ ചര്‍ച്ചകള്‍ തുടങ്ങി പലതും കാര്യനടത്തിപ്പിന് ആവശ്യമാണ്. പക്ഷേ പലപ്പോഴും അതുണ്ടാകുന്നില്ല.

സംസ്ഥാന സര്‍ക്കാരിന്റെ നയപരമായ തീരുമാനങ്ങള്‍ നടപ്പാക്കാന്‍ ചീഫ് സെക്രട്ടറി തലത്തില്‍ രൂപീകരിച്ച ഏകോപന സമിതി ലേശം പ്രതീക്ഷ നല്‍കുന്നു. സിപിഎംഡി എന്ന ചുരുക്കപ്പേരില്‍ ഭരണതലത്തില്‍ ഏകോപനത്തിനും കാര്യക്ഷമമായ നടത്തിപ്പിനുമുള്ള സമിതിയാണിത്. ചുവപ്പുനാടകള്‍ ഒഴിവാക്കാനും സമയബന്ധിതമായി കാര്യങ്ങള്‍ നടത്താനും ഇതിലൂടെ സാധിക്കണം.

ലഹരിക്കെതിരേ സംസ്ഥാന സര്‍ക്കാര്‍ ആരംഭിച്ച തൂഫാന്‍ പദ്ധതി ഏറെ ജനശ്രദ്ധ ആകര്‍ഷിക്കുന്നുണ്ട്. പക്ഷേ, ലഹരിക്കച്ചവടത്തിന്റെ അടിവേരുകള്‍ ഇപ്പോഴും അറത്തുമാറ്റാനാവുന്നില്ല. അതേസമയം വ്യാപകമായ റെയ്ഡുകളും മറ്റും നടക്കുന്നുണ്ട്. വന്‍തോതില്‍ ലഹരി വസ്തുക്കള്‍ പിടിച്ചെടുക്കുന്നു. കേസുകള്‍ എടുക്കുന്നു. പലരും അറസ്റ്റിലാവുന്നു. കേസും നടപടിക്രമങ്ങളും അതിന്റെ വഴിക്കു പോകും.

ലഹരി വേട്ട പോലെയുള്ളവയ്ക്ക് സംസ്ഥാനത്തിനു പുറത്തുനിന്നും സഹകരണം ആവശ്യമാണ്. ഓപ്പറേഷന്‍ തൂഫാന്‍ പദ്ധതിക്കു പിന്തുണ തേടി മന്ത്രി രമേശ് ചെന്നിത്തല ചെന്നൈയില്‍ മുഖ്യമന്ത്രി വിജയിനെ സന്ദര്‍ശിച്ചത് ഈ ലക്ഷ്യത്തിലാണ്. കഴിഞ്ഞയാഴ്ച കര്‍ണാടക മുഖ്യമന്ത്രി ഡി.കെ ശിവകുമാറുമായും ചെന്നിത്തല ഇതെക്കുറിച്ചു സംസാരിച്ചിരുന്നു. തെലുങ്കാന, ആന്ധ്രപ്രദേശ് മുഖ്യമന്ത്രിമാരുമായും ഇക്കാര്യം ചര്‍ച്ച ചെയ്യും. ദക്ഷിണേന്ത്യന്‍ സംസ്ഥാനങ്ങളിലെ പോലീസ് മേധാവികളുടെ യോഗവും വിളിച്ചു ചേര്‍ത്തിരുന്നു. ഇനിയിപ്പോള്‍ വിദ്യാര്‍ഥി,യുവജന സംഘടനാ നേതാക്കളുടെയോഗവും വിളിച്ചുചേര്‍ക്കുന്നുണ്ട്. ഇതൊക്കെ ഓപ്പറേഷന്‍ തൂഫാന്‍ കൂടുതല്‍ ഗൗരവത്തോടെയും തുടര്‍ പ്രക്രിയയിലൂടെയും മുന്നോട്ടു പോകുമെന്നു പ്രതീതി സൃഷ്ടിക്കുന്നുണ്ട്. അത് ഏറെ പ്രത്യാശ പകരുന്നു.
അതുപോലെ തന്നെ സുപ്രധാനമായൊരു കാര്യമാണ് ലഹരി ഉപയോഗിക്കില്ല എന്ന ഒരു ഉദ്യോഗാര്‍ഥിജോലിക്കു കയറുമ്പോള്‍ സത്യവാങ്മൂലം നല്‍കണമെന്ന നിര്‍ദേശം. സര്‍ക്കാര്‍ മേഖലയില്‍ ഇതു നടപ്പാക്കും എന്നാണ് ആഭ്യന്തരമന്ത്രി ഇന്നലെ കോട്ടയത്തു വ്യക്തമാക്കിയത്. ഓപ്പറേഷന്‍ തൂഫാന്റെ അടുത്ത ഘട്ടമായി ലഹരി ഉപയോഗിക്കുന്നവരെ സാധാരണ ജീവിതത്തലേക്കു തിരികെ കൊണ്ടുവരാനുള്ള ചില പദ്ധതികള്‍ക്കും തുടക്കമിട്ടിട്ടുണ്ട്. ഇതിന്റെ ഭാഗമായി ലഹരി മുക്ത ചികിത്സാ സംവിധാനങ്ങള്‍ സജ്ജമാക്കും.സംസ്ഥാനത്തെ 35 ആശുപത്രികള്‍ സര്‍ക്കാരിന്റെ ഈ ചികിത്സാ പദ്ധതിയുമായി സഹകരിക്കാന്‍ തയാറായിട്ടുണ്ടന്നും കോട്ടയം കാരിത്താസ് ആശുപത്രിയില്‍ ഇന്നലെ 'പ്രോജക്ട് പോഡാ' പദ്ധതി പ്രഖ്യാപിച്ചുകൊണ്ട് മന്ത്രി അറിയിച്ചു. 'പ്രിവന്‍ഷന്‍ ഓഫ് ഡ്രഗ് അബ്യൂസ് ' എന്നതിന്റ ചുരുക്കപ്പേരാണ് പ്രോജക്ട് 'പോഡാ'. ഓപ്പറേഷന്‍ തൂഫാന്‍ പോലെ ഈ പേരും ആകര്‍ഷകം തന്നെ. പേരിലെ ആകര്‍ഷകത പദ്ധതിയുടെ നടത്തിപ്പിലും പ്രതിഫലിക്കട്ടെ.
ഏതു സര്‍ക്കാര്‍ പദ്ധതിയും വിജയിക്കണമെങ്കില്‍ വകുപ്പുകളുടെ ഏകോപനം ആവശ്യമാണ്. ഓപ്പറേഷന്‍ തൂഫാനില്‍ തന്നെ ആഭ്യന്തരം, എക്‌സൈസ്, ആരോഗ്യം, വിദ്യാഭ്യാസം തുടങ്ങി വിവിധ വകുപ്പുകളുടെ സഹകരണം ഉണ്ട്. അത് പദ്ധതിയുടെ സുഗമമായ മുന്നേറ്റത്തിന് ഏറെ സഹായകമാണ്. ഈ കൂട്ടായ്മ കൂടുതല്‍ കരുത്താര്‍ജിക്കണം. ആവശ്യമെങ്കില്‍ സ്വകാര്യ മേഖലയുടെ സഹകരണവും തേടണം. ലഹരിമുക്തരാകുന്നവരുടെ ചികിത്സയ്ക്കും പുനരധിവാസത്തിനും സ്വകാര്യ ആശുപത്രികളുടെ സഹകരണം തേടിയിരിക്കുന്നത് ഈ സാഹചര്യത്തിലാവും.
പല വികസനപദ്ധതികളും യാതൊരു മുന്നൊരുക്കവുമില്ലാതെ രൂപകല്പന ചെയ്യുകയും അതിന്റെ തിക്തഫലം പിന്നീട് സമൂഹം അനുഭവിക്കുകയും ചെയ്യേണ്ടിവരുന്ന സാഹചര്യം എത്രയോ നാം കാണുന്നുണ്ട്. സില്‍വര്‍ ലൈനും തുരങ്കപാതയുമൊക്കെ അതു നമ്മെ ബോധ്യപ്പെടുത്തുന്നു. പിന്നെയും അത്തരം പദ്ധതികള്‍ പലതും വരുന്നു. ഹൈസ്പീഡ് റെയിലുമായി ബന്ധപ്പെട്ട പഠനവും ചര്‍ച്ചയും നടന്നുവരുകയാണ്. ഇ. ശ്രീധരന്‍ നല്‍കിയ റിപ്പോര്‍ട്ട് അപൂര്‍ണമാണെന്നാണ് ഇന്നു മുഖ്യമന്ത്രി പറഞ്ഞത്. അതിന്റെ പോരായ്മകള്‍ തിരുത്തി എങ്ങിനെ മുന്നോട്ടു കൊണ്ടുപോകാം എന്നാണു ചിന്തിക്കേണണ്ടത്.
നമ്മുടെ പല റോഡുകളുടെുയും പാലങ്ങളുടെയും അപ്രോച്ച് റോഡുകളുടെയും നിര്‍മാണം പാതിവഴിയിലായി നില്‍ക്കുന്നുണ്ട്. സ്ഥലമെടുപ്പ്, സാങ്കേതികമായ ചില പ്രശ്‌നങ്ങള്‍ എന്നിവയൊക്കൊയാവും പ്രതിസന്ധി സൃഷ്ടിക്കുന്നത്. ബന്ധപ്പെട്ട ചില ഉദ്യോഗസ്ഥരുടെ പിടിവാശിയും കാണും. വകുപ്പുകള്‍ തമ്മിലും ഉദ്യോഗസ്ഥതലത്തിലുമൊക്കെ ഈഗോ പ്രശ്‌നം നിസാരമായ ചില കാര്യങ്ങളെപ്പോലും സങ്കീര്‍ണമാക്കും. ഇത്തരം കുരുക്കുകള്‍ അഴിക്കുക എന്നതാണ് ജനപ്രതിനിധികളുടെ ചുമതല.
നമ്മുടെ ചില റെയില്‍വേ ക്രോസുകളോടു ചേര്‍ന്നുളള അപ്രോച്ച് റോഡുകളുടെ അവസ്ഥ വളരെ ദയനീയമാണ്. കുണ്ടുംകുഴിയും നിറഞ്ഞ സമീപനപാതകള്‍ അപകടക്കെണികളാകാം. ചങ്ങനാശേരി മോര്‍കുളങ്ങര റെയില്‍വേ ക്രോസിലെ അപ്രോച്ച് റോഡ് കുണ്ടുംകുഴിയുമായി കിടക്കാന്‍ തുടങ്ങിയിട്ട് നാളേറെയായി. ഈ അപ്രോച്ച് റോഡ് റെയില്‍വേയുടെ അധീനതയിലുള്ളതാണ്.അതുകൊണ്ട് പൊതുമരാമത്ത് വകുപ്പിനോ നഗരസഭയ്‌ക്കോ ഇവിടെ പണി ഒന്നും ചെയ്യാനാവില്ല. ഒന്നുകില്‍ റെയില്‍വേ ആ ഉത്തരവാദിത്വം ഏറ്റെടുക്കണം. അല്ലെങ്കില്‍ നഗരസഭയ്ക്ക് അതിനുള്ള അനുമതി നല്‍കണം എന്ന് വാര്‍ഡ് കൗണ്‍സിലര്‍ ആവശ്യപ്പെട്ടിരുന്നു. ഏതായാലും ഇന്നലെ റെയില്‍വേ തന്നെ ചില ചില്ലറ പണികള്‍ നടത്തിയിട്ടുണ്ട്. അതു തല്‍ക്കാല ശാന്തിയേ ആവൂ. വലിയ പണച്ചെലവില്ലാത്ത ഇത്തരം നിര്‍മാണങ്ങളില്‍ ഏകോപനത്തിനുള്ള സമഗ്ര പദ്ധതികള്‍ ഉണ്ടാവണം.
ചങ്ങനാശേരിറെയില്‍വേ സ്റ്റേഷന്റെ എതിര്‍വശത്തുള്ള ഗുഡ്‌ഷെഡ് റോഡ് എത്രയോ കാലമായി തകര്‍ന്നു കിടക്കുന്നു. വടക്കേക്കര റെയില്‍വേ ഗേറ്റിനു സമീപമുള്ള സമീപനപാതയും കുത്തിപ്പൊളിച്ച് ഇട്ടിരിക്കുന്നു. റെയില്‍വേ, കേന്ദ്ര സര്‍ക്കാര്‍ എന്നിവയുമായൊക്കെയുള്ള ഏകോപനം ഏറെ ദുര്‍ഘടമാണ്. അതിന്റെ നടപടിക്രമങ്ങളില്‍ അയവുണ്ടാകണം. നിസാരമായി പരിഹരിക്കാവുന്ന പല പ്രശ്‌നങ്ങളും നമുക്കു ചുറ്റും ഉണ്ട്.
പായിപ്പാട് ഫിഷ് മാര്‍ക്കറ്റിനു സമീപം തരക്കേടില്ലാതെ നിര്‍മിച്ച വഴിയിടം വിശ്രമകേന്ദ്രം ഉദ്ഘാടനം കഴിഞ്ഞു രണ്ടുവര്‍ഷമായിട്ടും തുറന്നുകൊടുത്തിട്ടില്ല. നടത്തിപ്പ് നഷ്ടമാകുമെന്നു കരുതി ആരും ലേലം പിടിക്കാത്തതാണേ്രത കാരണം. ഇത്തരം ചില ശുചിമുറി കേന്ദ്രങ്ങള്‍ മറ്റിടങ്ങളിലും ഇതേ അവസ്ഥയിലുണ്ട്. പണി പൂര്‍ത്തിയായി കിടക്കുന്ന ശുചിമുറി സമുച്ചയംപോലും തുറന്നുകൊടുക്കാന്‍ സാങ്കേതിക തടസങ്ങള്‍ ഉയര്‍ത്തിക്കാട്ടുമ്പോള്‍ എന്തെല്ലാം ന്യായീകരണം നിരത്തിയാലും എന്തു പ്രയോജനം?
നന്ദി, നമസ്‌കാരം.

രചന: സെര്‍ജി ആന്റണി

Share this article

Lakhs

Active Listeners

Sub Stations

+

Charity Activties

+

Social Initiatives