Blog Story

വാര്‍ത്താവീക്ഷണം: തുടരട്ടെ ഈ ചടുലത
Radio Media Village 90.8 FM May 19, 2026 Community Blog

വാര്‍ത്താവീക്ഷണം: തുടരട്ടെ ഈ ചടുലത

തുടക്കം നന്നായി. തുടര്‍ന്ന് അങ്ങോട്ടും ഈ ചടുലത തുടരട്ടെ എന്നാണ് കേരളത്തിലെ ജനങ്ങളുടെ ആഗ്രഹം. സംസ്ഥാനത്ത് പുതിയ മന്ത്രിസഭ സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റടുത്ത അന്നുതന്നെ മന്ത്രിസഭാ യോഗത്തിനുശേഷം മുഖ്യമന്ത്രി നടത്തിയ രണ്ടു പ്രഖ്യാപനങ്ങള്‍ വാഗ്ദാനപാലനത്തിന്റെ തെളിവായി. യുഡിഎഫിന്റെ തെരഞ്ഞെടുപ്പു വാഗ്ദാനമായ അഞ്ച് ഇന്ദിരാ ഗാരന്റികളില്‍ രണ്ടെണ്ണമാണ് ഇന്നലെ പ്രഖ്യാപിച്ചത്. അതനുസരിച്ച് ആശാവര്‍ക്കര്‍മാരുടെ ഓണറേറിയം മൂവയിരം രൂപ വര്‍ധിപ്പിച്ചു. അങ്കണവാടി, പ്രീപ്രൈമറി, സ്‌കൂള്‍ പാചകതൊഴിലാളി വേതനത്തിലും ആയിരം രൂപ വര്‍ധന പ്രഖ്യാപിച്ചിട്ടുണ്ട്.
കെഎസ്ആര്‍ടിസിബസില്‍ സ്ത്രീകള്‍ക്ക് സൗജന്യ യാത്ര എന്നതായിരുന്നു മറ്റൊരു വാഗ്ദാനം. അതു ജൂണ്‍ 15 മുതല്‍ നടപ്പാക്കും. വേതന വര്‍ധനയ്ക്കായി ആശാ പ്രവര്‍ത്തകര്‍ നടത്തിയ സമരവും അതിനോട് അന്നത്തെ സര്‍ക്കാര്‍ പുലര്‍ത്തിയ മനോഭാവവു കടുത്ത വിമര്‍ശനങ്ങള്‍ക്ക് ഇടയാക്കിയിരുന്നു. സമൂഹത്തിലെ ദുര്‍ബല വിഭാഗങ്ങളോടും കുറഞ്ഞ വേതനത്തിന് സുപ്രധാനമായ ചില ജോലികള്‍ ചെയ്യുന്നവരോടും ഭരണകൂടം പ്രത്യേക താത്പര്യം പ്രകടിപ്പിക്കേണ്ടതുണ്ട്. അത് ചെയ്യാതിരിക്കുമ്പോള്‍ അതിന്റെ പ്രതിഷേധംഅവരില്‍ മാത്രമല്ല,സമൂഹംമുഴുവനിലുംപ്രതിഫലിക്കും.
ഇപ്പോള്‍ പ്രഖ്യാപിച്ചിരിക്കുന്ന ഇന്ദിരാ ഗാരണ്ടിയിലെ രണ്ടു വാഗ്ദാനങ്ങളും സര്‍ക്കാരിനു വലിയ സാമ്പത്തിക ബാധ്യത ഉളവാക്കുമെങ്കിലും അത് സമൂഹത്തിലെ വലിയൊരു വിഭാഗത്തിന് ആശ്വാസമാകും. ആശാപ്രവര്‍ത്തകരും പാചകത്തൊഴിലാളികളുമൊക്കെ അടിയന്തര സഹായം അര്‍ഹിക്കുന്നവരാണ്. പരിമിതമായ വരുമാനത്തില്‍ ജീവിക്കുന്ന അവര്‍ക്ക് ഇതൊരു കൈത്താങ്ങാകും. ആശാ പ്രവര്‍ത്തകരുടെ സമരപന്തലില്‍ വച്ച് അന്നത്തെ പ്രതിപക്ഷ നേതാവായിരുന്ന വി.ഡി. സതീശന്‍ നല്‍കിയ വാഗ്ദാനത്തിന്റെ പൂര്‍ത്തീകരണം കൂടിയാണ് ഈ വേതനവര്‍ധന.
വാഗ്ദാനങ്ങള്‍ പാലിക്കപ്പെടാനുള്ളതാണ്. രാഷ്ട്രീയക്കാരുടെ വാഗ്ദാനങ്ങളോടുള്ള വിശ്വാസ്യത വര്‍ധിപ്പിക്കാന്‍ ഇത്തരം സത്വര തീരുമാനങ്ങള്‍ സഹായകമാകും. അര്‍ഹതയുള്ള ഇത്തരം സമൂഹങ്ങളെ വിസ്മരിക്കാതിരിക്കുന്നതാണ് ഭരണാധികാരികളുടെ കാര്യക്ഷമത. ആശാ വര്‍ക്കര്‍മാരുടെ വേതനവര്‍ധന മല എലിയെ പ്രസവിച്ചതുപോലെ അയെന്ന വിമര്‍ശനവുമായി മുന്‍ ധനമന്ത്രി കെ.എന്‍. ബാലഗോപാല്‍ രംഗത്തെത്തി. ഇനിയിപ്പോള്‍ ഇത്തരം പരിഹാസങ്ങളും പഴയ ചില കണക്കുകളുമൊക്കെയായി ആളുകള്‍ എത്തും.
ആദ്യദിനം നടത്തിയ മറ്റൊരു പ്രഖ്യാപനവും ശ്രദ്ധേയമായി. വയോജന ക്ഷേമത്തിനായി പ്രത്യേക വകുപ്പ് രൂപീകരിക്കും എന്നതാണ് ആ പ്രഖ്യാപനം. രണ്ടു മാസത്തിനുള്ളില്‍ അതുണ്ടാകുമെന്നും മുഖ്യമന്ത്രി ഉറപ്പു നല്‍കിയിട്ടുണ്ട്. മുതിര്‍ന്ന പൗരന്മാരുടെ എണ്ണം വര്‍ധിച്ചുവരുന്ന കേരള സമൂഹത്തില്‍ ഇത്തരമൊരു പ്രഖ്യാപനത്തിനു വലിയ പ്രസക്തിയുണ്ട്. മുതിര്‍ന്ന പൗരന്മാരുടെ ക്ഷേമത്തിനു മാത്രമല്ല, അവരുടെ അനുഭവ പരിചയവും കഴിവുകളും സമൂഹനന്മയ്ക്കായി ഉപോഗിക്കാനുളള ക്രിയാത്മക പദ്ധതികള്‍ക്കും രൂപം നല്‍കണം.
ക്ഷേമം എന്നതു സാമ്പത്തിക സഹായം മാത്രമായി ചുരുങ്ങരുത്. വിവിധ ക്ഷേമ പദ്ധതികളുടെ പ്രയോജനം അര്‍ഹതയുള്ളവര്‍ക്ക് ലഭ്യമാക്കുന്നതിലാണ് കാര്യം. സ്ത്രീകള്‍ക്ക് സൗജന്യ ബസ് യാത്ര എന്ന പ്രഖ്യാപനത്തക്കുറിച്ചു വ്യാപകമായ വിമര്‍ശനം ഉയരുന്നതും ഈ സാഹചര്യത്തിലാണ്. സംസ്ഥാനത്തെ എല്ലാ സ്ത്രീകള്‍ക്കും എല്ലാ സര്‍വീസുകളിലും ഇത് ആവശ്യമുണ്ടോ എന്നതാണു പ്രധാന ചോദ്യം. കെഎസ്ആര്‍ടിസിയുടെ ഇപ്പോഴത്തെ അവസ്ഥയും എല്ലാവര്‍ക്കും അറിയാം. കെഎസ്ആര്‍ടിസിയില്‍ പെന്‍ഷന്‍ നല്‍കാന്‍ മാത്രം ഇപ്പോള്‍ പ്രതിമാസം 80കോടിരൂപ സര്‍ക്കാര്‍ ഖജനാവില്‍നിന്നു ചെലവഴിക്കുന്നുണ്ട്. ഏകദേശം ഇത്രയും തുക സൗജന്യ യാത്രയ്ക്കായും ചെലവിടേണ്ടിവരുമെന്നാണ് കണക്കാക്കുന്നത്. സ്വകാര്യ ബസ് സര്‍വീസിനെയും ഈ സൗജന്യം ബാധിക്കാം.
കര്‍ണാടകത്തിലും തെലുങ്കാനയിലും തമിഴ്‌നാട്ടിലുമൊക്കെ ഈ സൗജന്യം ഉണ്ടല്ലോ എന്നു ചോദിക്കുന്നവരുമുണ്ട്. തമിഴ്‌നാട്ടില്‍ ഓര്‍ഡിനറി ബസുകളില്‍ മാത്രമാണു സ്ത്രീകള്‍ക്കു സൗജന്യയാത്ര. കര്‍ണാടകയിലും തെലുങ്കാനയിലും പ്രീമിയം സര്‍വീസുകളിലൊഴികെ സംസ്ഥാനമൊട്ടാകെ സ്ത്രീകള്‍ക്കു സൗജന്യ യാത്ര നല്‍കുന്നുണ്ട്. കേരളത്തില്‍ പ്രതിദിനം 23 ലക്ഷം യാത്രക്കാര്‍ കെഎസ്ആര്‍ടിസിസര്‍വീസുകള്‍ ഉപയോഗിക്കുന്നുണ്ട്. ഇതില്‍ പകുതിയിലേറെ സ്ത്രീ യാത്രക്കാര്‍ ആണെന്നാണ് കണക്ക്.
സ്ത്രീകള്‍ക്കു യാത്രാസൗജന്യം എന്നതിന് സാമൂഹ്യമായ ചില മാനങ്ങളുമുണ്ട്. സാധാരണക്കാരായ സ്ത്രീയാത്രക്കാര്‍ ഇത്തരം സൗജന്യങ്ങളിലുടെ സമാഹരിക്കുന്ന തുക അവരുടെ കുടുംബത്തിനും കുഞ്ഞുങ്ങള്‍ക്കും കൈത്താങ്ങാകുമെന്നു കണക്കാക്കുന്നു. ഏതായാലുംകേരളത്തില്‍ ഇത്തരം സാമൂഹ്യക്ഷേമ പദ്ധതികള്‍ ആരംഭിക്കുമ്പോള്‍ കൂടുതല്‍ പഠനവും ശ്രദ്ധയും ആവശ്യമാണ്. നമ്മുടെ ഖജനാവിന്റെ അവസ്ഥ തന്നെ ഇതിനു പ്രധാന കാരണം. സംസ്ഥാനത്തിന്റെ സാമ്പത്തിക സ്ഥിതിയെക്കുറിച്ചുള്ള ധവളപത്രം ഇറക്കുമെന്നും മുഖ്യമന്ത്രി ആദ്യദിനം പറഞ്ഞിരുന്നു. യാഥാര്‍ഥ്യങ്ങളെ അഡ്രസ് ചെയ്തും മുന്നോട്ടുള്ള കുതിപ്പിനു പ്രായോഗിക വഴികള്‍ കണ്ടെത്തിയും നീങ്ങുകയാണു വേണ്ടത്.
മുന്‍ സര്‍ക്കാരിന്റെ കാലത്തു നവകേരള സദസിനോട് അനുബന്ധിച്ച് ആലപ്പുഴയില്‍ നടന്നതുപോലുള്ള രക്ഷാപ്രവര്‍ത്തില്‍ പുനരന്വേഷണത്തിനു പ്രത്യേക സംഘത്തെ നിയോഗിക്കാനുള്ള തീരുമാനം പ്രതികാര മനോഭാവമായി ചിത്രീകരിക്കുന്നവരുണ്ട്. എന്നാല്‍ കോടതി നടപടികളുടെകൂടി ഭാഗമാണത്. പോലീസിന്റെ ആക്രമണോത്സുകതയും അമിതാധികാരപ്രവണതയും അവസാനിപ്പിക്കുമെന്ന സൂചനകൂടി അതുനല്‍കുന്നു. പ്രതിപക്ഷത്തിരിക്കുമ്പോള്‍ സമരം നടത്തുന്നവരെ അടിച്ചമര്‍ത്തുന്ന ജനാധിപത്യവിരുദ്ധത കൂടി ഇവിടെ ചോദ്യം ചെയ്യപ്പെടുന്നു. ആലപ്പുഴയില് മുന്‍ മുഖ്യമന്ത്രിയുടെ ഗണ്‍മാന്റെ ക്രൂരമര്‍ദനത്തിനരയായ ഇപ്പോത്തെ എംഎല്‍എ എ.ഡി.തോമസിന് ഇപ്പോഴു കഴുത്തു തിരിക്കാന്‍ പ്രയാസമാണ്. പ്രചാരണവേളയില്‍ രാത്രി ഉറങ്ങാന്‍ കഴിയാതെ കരഞ്ഞിട്ടുണ്ടെന്നാണ് അദ്ദേഹം പറയുന്നത്. പോലീസ് മര്‍ദനത്തിന്റെ ക്രൂരത പലര്‍ക്കും പറയാനുണ്ടാവും. എന്നാല്‍ ആധുനികകാലത്ത് അതിന് പാഠഭേദമുണ്ട്.
സംസ്ഥാനത്തിന്റെ ചരിത്രത്തില്‍ ആദ്യമായാണ് സ്ഥാനമൊഴിയുന്ന മുഖ്യമന്ത്രി പുതിയ മുഖ്യമന്ത്രിയുടെ സ്ഥാനാരോഹണ ചടങ്ങില്‍ പങ്കെടുക്കുന്നത്. വേദിയില്‍ പ്രതിപക്ഷ നേതാക്കളെയും മറ്റും ഇരുത്തുന്നതിനോട് ഗവര്‍ണര്‍ക്ക് യോജിപ്പില്ലായിരുന്നുവെങ്കിലും മുഖ്യമന്ത്രി ഇക്കാര്യത്തില്‍ സ്വീകരിച്ച കര്‍ശന നിലപാടിനോടുയോജിക്കേണ്ടിവന്നു. അതൊരു നല്ല കീഴ് വഴക്കംതന്നെ.
സെക്രട്ടറേറിയറ്റലേക്കും മന്ത്രിമാരടെ ഓഫീസുകളിലേക്കുമുള്ള പ്രവേശനത്തിനുണ്ടായിരുന്ന നിയന്ത്രങ്ങള്‍ നീക്കുമെന്നും സൂചനയുണ്ട്. അതു നല്ല രീതിയിലാവണം. അധികാരത്തിന്റെ അകത്തളങ്ങളിലേക്ക് ആരും അനാവശ്യമായി കടന്നുകയറാതിരിക്കുകയല്ലേ നല്ലത്. അതേസമയം ജനകീയത നഷ്ടമാക്കുകയുമരുത്. കൃത്യമായ മാനദണ്ഡങ്ങളുണ്ടെങ്കിലും ചില പ്രായോഗിക നടപടികള് അനാവശ്യ സംഘര്‍ഷം ഒഴിവാക്കും.
സത്യപ്രതിജ്ഞാ ചടങ്ങിലെ ചില ജനകീയ ദൃശ്യങ്ങള്‍ നല്‍കുന്ന സന്ദേശം സാധാരണക്കാരെയും പാര്‍ശ്വവത്കരിക്കപ്പെട്ടവരെയും ചേര്‍ത്തുപിടിക്കുന്നൊരു സര്‍ക്കാരാണ് ഇതന്നാണ്. അതു കേവലം ദൃശ്യവിസ്മയം മാത്രമായി മാറരുത്. പുറമേ കാട്ടുന്ന കാരുണ്യവും കരുതലും ജനഹൃദയങ്ങളിലേക്ക് ആഴ്ന്നിറങ്ങണമെങ്കില്‍ അതിനു വലിയ പ്രതിബദ്ധത ഉണ്ടാവണം.
നന്ദി, നമസ്‌കാരം.
രചന: സെര്‍ജി ആന്റണി

Share this article

Lakhs

Active Listeners

Sub Stations

+

Charity Activties

+

Social Initiatives