Blog Story

വാര്‍ത്താവീക്ഷണം:രാമന്റെ വയല്‍ വിസ്ത്ൃതമാവണം
Radio Media Village 90.8 FM October 15, 2026 Community Blog

വാര്‍ത്താവീക്ഷണം:രാമന്റെ വയല്‍ വിസ്ത്ൃതമാവണം

കേരളത്തിന് അതിസമ്പന്നമായൊരു കാര്‍ഷിക സംസ്‌കാരമുണ്ട്, പാരമ്പര്യമുണ്ട്. തനതു കൃഷി രീതികളും സമ്പന്നമായ ജൈവവവൈവിധ്യവും കേരളത്തിനു സ്വന്തം. ആധുനിക കൃഷിരീതികള്‍ കടന്നുവരുമ്പോഴും കേരളത്തിന്റെ തനതു കൃഷി രീതികള്‍ സംരക്ഷിക്കപ്പെടുകയും പ്രചരിപ്പിക്കുകയും ചെയ്യേണ്ടതുണ്ട്. നിര്‍ഭാഗ്യവശാല്‍ കാര്‍ഷികമേഖലയില്‍ അത്തരം പ്രവര്‍ത്തനങ്ങള്‍ കുറവാണ്. എല്ലാവരും പുതിയതിനു പിറകേ പോവുകയാണ്. കൂടുതല്‍ വിളവ്, കൂടുതല്‍ ലാഭം എന്നത് പ്രധാനമായി. അവിടെയാണ് കഴിഞ്ഞ ദിവസം അന്തരിച്ച ചെറുവയല്‍ രാമന്‍ എന്ന തനി കര്‍ഷകന്റെ പ്രസക്തി.
പാരമ്പര്യ നെല്‍വിത്തുകളുടെയും തനതു കൃഷി രീതികളുടെയും സംരക്ഷകന്‍ എന്ന നിലയിലാണ് അദ്ദേഹം ഏറെ ശ്രദ്ധിക്കപ്പെട്ടത്. അദ്ദേഹത്തിന്റെ കൃഷിയറിവുകള്‍ കാര്‍ഷികമേഖലയ്ക്കു മാത്രമല്ല, കൃഷി രംഗത്തെ അക്കാദമിക് കേന്ദ്രങ്ങള്‍ക്കും വിലപ്പെട്ടതാണ്. അഞ്ചാം ക്ലാസ് വരയേ ഔദ്യോഗിക വിദ്യാഭ്യാസം നേടാനായുള്ളുവെങ്കിലും സര്‍വകലാശാലാ തലത്തില്‍ വരെ ചെറുവയല്‍ രാമന്‍ അംഗീകരിക്കപ്പെട്ടു. കഴിഞ്ഞ വര്‍ഷം അദ്ദേഹത്തിന് കേരള കാര്‍ഷിക സര്‍വകലാശാലയുടെ പ്രഫസര്‍ ഓഫ് പ്രാക്ടീസ് ബഹുമതി ലഭിച്ചിരുന്നു. കാര്‍ഷികരംഗത്തെ തനതു സംഭാവനകളുടെ അടിസ്ഥാനത്തില്‍ 2023ല്‍ ചെറുവയല്‍ രാമനെ രാജ്യം പത്മശ്രീ പുരസ്‌കാരം നല്‍കി ആദരിച്ചു.
രാസവളമോ കീടനാശിനികളോ ഉപയോഗിക്കാത്ത പരമ്പരാഗത കൃഷിരീതിയാണ് ചെറുവയല്‍ രാമന്‍ പിന്തുടര്‍ന്നത്. അതിന് അനുസൃതമായ വിത്തിനങ്ങള്‍ അദ്ദേഹത്തിന്റെ പക്കല്‍ ഉണ്ടായിരുന്നു. അദ്ദേഹത്തിന്റെ കൃഷിയറിവുകള്‍ തേടി രാജ്യത്തിന്റെ നാനാഭാഗത്തുനിന്നും വിദേശത്തുനിന്നുപോലും അനേകര്‍ വയനാട് കമ്മനയിലെ അദ്ദേഹത്തിന്റെ വീട്ടില്‍ എത്തി. സൗജന്യമായിത്തന്നെ എല്ലാവര്‍ക്കും വിത്തു നല്‍കി. ലോകത്തിന്റെ നാനാഭാഗങ്ങളിലും അതിന്റെ മുളകള്‍ പൊട്ടുന്നതിലായിരുന്നു അദ്ദേഹത്തിന്റെ ആത്മസംതൃപ്തി. നാല്പതിലധികം നെല്ലിനങ്ങളുടെ വിത്തുകള്‍ അദ്ദേഹത്തിനു സ്വന്തമായിരുന്നു. പ്രതിരോധശേഷി കുടതലുള്ള പരമ്പരാഗത നെല്‍വിത്തിനങ്ങളായിരുന്നു ഇവയെല്ലാം. ഈ നെല്‍വിത്തുകളുടെ ശേഖരണവും സംരക്ഷണവും അത്ര അനായാസമായിരുന്നില്ല. അതിനായി നേരിട്ട ക്ലേശങ്ങള്‍ അദ്ദേഹം തന്നെ പറഞ്ഞിട്ടുണ്ട്. നെല്ലിനങ്ങളായിരുന്നു പ്രധാന കൃഷി എങ്കിലും കാപ്പി, കുരുമുളക്, പച്ചക്കറികള്‍ എന്നിവയും കൃഷി ചെയ്തിരുന്നു.
പുറമേ വിലപ്പെട്ടതെന്ന് തോന്നുകില്ലെങ്കിലും വിത്തിനങ്ങളുടെ സംരക്ഷണത്തിലൂടെ വരുംതലമുറകള്‍ക്കു ചില സന്ദേശങ്ങള്‍ കൂടി അദ്ദേഹം പകര്‍ന്നുകൊടുത്തു. അതുകൊണ്ടുതന്നെയാണ് വിത്തുകള്‍ സൗജന്യമായി നല്‍കുന്നതിന് അദ്ദേഹം തയാറായതും. ആവുന്ന കാലത്തോളം മണ്ണില്‍ പണിയെടുക്കാനും അദ്ദേഹത്തിനു മടിയുണ്ടായിരുന്നില്ല. തന്നെ കാണാനെത്തുന്ന ഗവേഷകരോടും വിദ്യാര്‍ഥികളോടും മണ്ണിലിറങ്ങി പണിയണമെന്ന് അദ്ദേഹം പറയാറുമുണ്ടായിരുന്നു. നമ്മുടെ ഗവേഷണത്തിന്റെയും പഠനങ്ങളുടെയും പ്രായോഗിക പാഠങ്ങള്‍ ഇത്തരമാളുകളില്‍നിന്നാണ് സ്വായത്തമാക്കേണ്ടത്.
വയനാട്ടിലെ ആദിവാസി ജീവിതത്തിന്റെ സമ്പന്നമായ ചില ഏടുകള്‍ ചെറുവയല്‍ രാമന്റെ ആത്മകഥയായ 'ചെറുവയലും നൂറുമേനിയും' എന്ന പുസ്തകത്തില്‍ കാണാനാവും. ആതമഥയിലെ ചില ഭാഗങ്ങള്‍ സ്‌കൂള്‍ പാഠപു്‌സ്തകത്തിലും ഉള്‍പ്പെടുത്തി. വയല്‍നാടായിരുന്നു വയനാടിനെ സ്വന്തം ജീവിതംകൊണ്ട് വയല്‍നാടായി നിലനിര്‍ത്തിയ കര്‍ഷകനായിരുന്ന ചെറുവയല്‍ രാമനെ വരുംകാല വയനാടിന്റെ വിത്ത് എന്നാണ് സാഹിത്യ അക്കാദമി ചെയര്‍മാന്‍ കല്പറ്റ നാരായണന്‍ വിശേഷിപ്പിച്ചത്.
ചെറുവയല്‍ രാമന്റെ അമൂല്യമായ വിത്തുശേഖരണവും വിജ്ഞാനവും ഭാവിതലമുറയ്ക്ക് പ്രയോജനപ്പെടുത്താന്‍ എല്ലാ നടപടികളും സ്വീകരിക്കും എന്ന കൃഷിമന്ത്രി ടി. സിദ്ദിക്കിന്റെ പ്രതികരണം അദ്ദേഹവുമായി ഏറെക്കാലത്തെ അടുത്ത ബന്ധമുള്ള മന്ത്രിയുടെ വെറും പ്രഖ്യാപനമായി മാറാതിരിക്കട്ടെ. സമാന സംഭാവനകള്‍ നല്‍കാന്‍ ആളുകള്‍ ഇല്ലാത്ത മേഖലകളില്‍ സര്‍ക്കാരിന്റെ സത്വര ഇടപെടലുകളാണ് ഇത്തരം കാര്‍ഷിക സംസ്‌കാരത്തെയും അതിന്റെ സംരക്ഷകരായ കൃഷിക്കരെയും അംഗീകരിക്കാനുള്ള ഏറ്റവും ഉചിതമായ മാര്‍ഗം.
ഒരു പക്ഷേ കേരളം തിരിച്ചറിഞ്ഞതിലേറെ ചെറുവയല്‍ രാമനെ ലോക കാര്‍ഷിക രംഗം തിരിച്ചറിയുകുയും അംഗീകരിക്കുകയും ചെയ്തിരുന്നുവെന്നു കരുതണം. ബ്രസീലിലെ ലോക കാര്‍ഷിക സെമിനാറില്‍പോലും ചെറുവയല്‍ രാമന്റെ കാര്‍ഷിക സംസ്‌കൃതി ഏറെ ശ്രദ്ധിക്കപ്പെട്ടു.
അഞ്ചാം ക്ലാസില്‍ പഠനം നിരുത്തി പത്താം വയസില്‍ അമ്മാവനോടൊപ്പം പാടത്തു പണിക്കിറങ്ങിയ രാമന്‍ പ്രായമയപ്പോള്‍ തന്നെ കാണാനെത്തുന്ന സ്‌കൂള്‍ കുട്ടികള്‍ക്ക് കാര്‍ഷിക പാഠങ്ങള്‍ പറഞ്ഞു കൊടുക്കുന്നതില്‍ ഏറെ സന്തോഷം കണ്ടെത്തി. കുട്ടികള്‍ തന്നെ കാണാനെത്തുന്നുണ്ടെന്നറിഞ്ഞാല്‍ മറ്റു പരിപാടികളെല്ലാം മാറ്റിവച്ച് അവര്‍ക്കായി കാത്തിരിക്കും.
അമ്മാവന്റെ മരണത്തെത്തുടര്‍ന്ന് പതിനേഴാം വയസില്‍ കുറിച്യ വിഭാഗത്തിന്റെ ഗോത്ര ചുമതല ഏറ്റെടുത്തു. അതോടൊപ്പം കുടുംബത്തിന്റെ കൃഷിചുമതലയും തോളിലായി. കൗതുകമുളവാക്കുന്നതാണ് രാമന്‍ സംരക്ഷിച്ച നെല്‍ വിത്തിനങ്ങളുടെ പേരുകള്‍. വെള്ളിമുത്ത്, കുങ്കുമശാലി, ഓണമൊട്ടന്‍, കുന്നുംകുളമ്പന്‍, കനകം, ചെമ്പകം എന്നിങ്ങനെ പോുകന്നു വിത്തിനങ്ങളുടെ പേരുകള്‍.
സിപിഎം ലോക്കല്‍ കമ്മറ്റി അംഗവും പഞ്ചായത്ത് അംഗവുമൊക്കെയായി കുറെക്കാലം പ്രവര്‍ത്തിച്ചെങ്കിലും പിന്നീട് സജീവ രാഷ്ട്രീയത്തില്‍നിന്നു പൂര്‍ണമായും പിന്മാറി. പരിസ്ഥിതി കാര്യങ്ങളിലും ചെറുവയല്‍ രാമന്‍ ശ്രദ്ധാലുവായിരുന്നു. കര്‍ഷകരുടെ അവകാശങ്ങള്‍ക്കായി ശബ്ദമുയര്‍ത്താനും തയാറായി. പരിസ്ഥിതിലോല മേഖലാ പ്രഖ്യാപനവുമായി ബന്ധപ്പെട്ട വിവാദം ചൂടുപിടിച്ചപ്പോഴും അദ്ദേഹത്തിന് നിലപാട് ഉണ്ടായിരുന്നു. വന്യജീവിശല്യം, വിലത്തകര്‍ച്ച, കാലാവസ്ഥാ ്‌വ്യതിയാനം തുടങ്ങി നിരവധി പ്രതിസന്ധികള നേരിടുന്നകര്‍ഷകരെ എന്തിനാണ് വീണ്ടും ശിക്ഷിക്കുന്നതെന്നായിരുന്നു അദ്ദേഹത്തിന്റെ ചോദ്യം. മണ്ണിനോടു മല്ലിടുന്നവരെ എങ്ങിനെയാണ് ചെറുവയല്‍ രാമനെ പോലെ ഒരാള്‍ക്ക് മനസിലക്കാന്‍ സാധിക്കാതെ പോവുക. വ്യാജ പരിസ്ഥിതവാദമല്ല താന്‍ നേരിട്ട് അനുഭവിച്ച കാര്യങ്ങളാണ് അദ്ദേഹത്തിന്റെ അഭിപ്രായങ്ങളെ രൂപപ്പെടുത്തിയത്. വന്യജിവി ശല്യ പ്രതിരോധിക്കുന്നതിനായി വനം വുകുപ്പു രൂപീകരിച്ച ഉപദേശക സമിതിയില്‍ ചെറുവയല്‍ രാമനെ ഉള്‍പ്പെടുത്താന്‍ സര്‍ക്കാര്‍ തീരുമാനമെടുത്തിരുന്നു. അതിന്റെ ഉത്തരവ് എത്തുംമുമ്പ് രാമന്‍ മടങ്ങി.
നിരവധി പുരസ്‌കാരങ്ങള്‍ ചെറുവയല്‍ രാമനെ തേടിയെത്തി. മികച്ച കര്‍ഷനുള്ള ദീപിക പുരസ്‌കാരം 2021ല്‍ ചെറുവയല്‍ രാമന് ആയിരുന്നു. 2015ല്‍ ജെയ്ജി പീറ്റര്‍ ഫൗണ്ടേഷന്റെ പരിസ്ഥിതി പുരസ്‌കാരത്തിനും അദ്ദേഹം അര്‍ഹനായി. ഉമ്മന്‍ ചാണ്ടിയുടെ പേരില്‍ ഏര്‍പ്പെടുത്തിയ പുരസ്‌കാരവും ഈയിടെ ലഭിച്ചു.
കേരളത്തിന്റെ കാര്‍ഷിക മേഖല സങ്കീര്‍ണമായ പല പ്രതിസന്ധികളിലൂടെയും കടന്നുപോകുന്ന കാലത്ത് ചെറുവയല്‍ രാമനെപ്പോലുള്ള കര്‍ഷകര്‍ നമുക്കു പാഠപുസ്തകമാകണം. അരിഭക്ഷണത്തിനായി ആന്ധ്രയില്‍നിന്നും കര്‍ണാടകയില്‍നിന്നു ലോറി വരുന്നതു കാത്തിരിക്കുന്നവരാണു നാം. പുതുതലമുറ കാര്‍ഷിക മേഖലയില്‍നിന്ന് അകന്നുകൊണ്ടിരിക്കുന്നു. അതേസമയം കാര്‍ഷികരംഗത്തും കോര്‍പറേറ്റ് വത്കരണത്തിന്റെ സൂചനകള്‍ തെളിയുന്നുണ്ട്. കൃഷി രീതികളും കാര്‍ഷിക സംസ്‌കാരവുമൊക്കെ മാറ്റങ്ങള്‍ക്കു വിധേയമാകും. അതില്‍ ഉത്കണ്ഠപ്പെ്ട്ടിട്ടു കാര്യമില്ല. എങ്കിലും കൃഷിയുടെ ചൈതന്യം കേരളത്തിന് അന്യമാവാന്‍ പാടില്ല.
നന്ദി, നമസ്‌കാരം.
രചന: സെര്‍ജി ആന്റണി

Share this article

3 Lakhs

Active Listeners

22

Sub Stations

300+

Charity Activities

150+

Social Initiatives