വാർത്താവീക്ഷണം
ലോക്‌സഭാ തെരഞ്ഞെടുപ്പു ഫലം വിലയിരുത്തുമ്പോള്‍ തോറ്റവരും പിന്നോക്കം പോയവരും മാത്രമല്ല, വിജയികളും തോല്‍വി മറയ്ക്കാന്‍ ശ്രമിക്കുന്നവരും ചില പാഠങ്ങള്‍ പഠിക്കുന്നതു നല്ലതാണ്. അതു വെറും വാചകത്തിലൊതുങ്ങുകയുമരുത്. കേന്ദ്രത്തില്‍ ബിജപിക്കു തിരിച്ചടി ഉണ്ടായെങ്കിലും ്അവര്‍ നയിക്കുന്ന എന്‍ഡിഎ മുന്നണിതന്നെയാണ് അധികാരത്തിലെത്താന്‍ പോകുന്നത്. വിജയ പരാജയങ്ങളെക്കുറിച്ചുള്ള വിലയിരുത്തലുകള്‍ക്കുപരി മന്ത്രിസഭാ രൂപവത്കരണത്തിനുള്ള ചര്‍ച്ചകളാണ് ഇപ്പോള്‍ എന്‍ഡിഎ ക്യാമ്പില്‍ സജീവമായി നടക്കുന്നത്.
യുപിയില്‍ കനത്ത തിരിച്ചടി ഉണ്ടായെങ്കിലും മധ്യപ്രദേശിലും ബിഹാറിലും ഹിമാചല്‍പ്രദേശിലും ഉത്തരാഖണ്ഡിലും ഉണ്ടാക്കിയ നേട്ടമാണ് ിജെപി എടുത്തുകാട്ടുന്നത്. ബിഹാറില്‍ ഇന്ത്യസഖ്യവും തേജസ്വി യാദവുമൊക്കെ കിണഞ്ഞു ശ്രമിച്ചിട്ടും എന്‍ഡിഎ സഖ്യം നാല്പതില്‍ മുപ്പതു സീറ്റും കൈക്കലാക്കി. ഹിമാചലില്‍ ആകെയുള്ള നാലു സീറ്റില്‍ നാലും ഉത്തരാഖണ്ഡിലെ അഞ്ചില്‍ അഞ്ചും ബിജെപി നേടി. ഹരിയാനയില്‍ ഒപ്പത്തിനൊപ്പം നിന്നു. ഗുജറാത്തില്‍ കഴിഞ്ഞ തവണത്തെ വിജയം ആവര്‍ത്തിക്കാമെന്നു കരുതിയെങ്കിലും 26ല്‍ ഒരു സീറ്റ് കൈവിട്ടു.
പ്രത്യേക പദവി റദ്ദാക്കിയതുള്‍പ്പെടെ വലിയ വിവാദങ്ങളുണ്ടായ ജമ്മു കാഷ്മീരില്‍ ആകെയുള്ള അഞ്ചു സീറ്റില്‍ രണ്ടെണ്ണം നേടാനും ബിജെപിക്ക് സാധിച്ചു. ബരാമുള്ളയില്‍ മുന്‍ മുഖ്യമന്ത്രി ഒമര്‍ അബ്ദുള്ളയുടെ തോല്‍വി പ്രതിപക്ഷ സഖ്യത്തിനു കനത്ത അഘാതവുമായി. ഭികരപ്രവര്‍ത്തനക്കുറ്റം ആരോപിച്ച് അറസ്റ്റിലാവുകയും ഇപ്പോഴും തിഹാര്‍ ജയിലില്‍ കഴിയുകയും ചെയ്യുന്ന അബ്ദുള്‍ റഷീദ് ഷെയ്ഖ് ആണ് ഒമര്‍ അബ്ദുള്ളയെ പരാജയപ്പെടുത്തിയതെന്ന കാര്യവും ശ്രദ്ധേയമാണ്. പഞ്ചാബിലെ ഖദൂര്‍ സാഹിബ് മണ്ഡലത്തില്‍നിന്നു തെരഞ്ഞെടുക്കപ്പെട്ട ഖാലിസ്ഥന്‍ അനുകൂല നേതാവ് അമൃത്പാല്‍ സിംഗിന്റെ വിജയവും പ്രത്യേക ശ്രദ്ധ പിടിച്ചുപറ്റി. ദേശ സുരക്ഷാ നിയമപ്രകാരം അറസ്റ്റിലായ അമൃത്പാല്‍സിംഗ് ഇപ്പോള്‍ അസമിലെ ദിബ്രൂഗഡ് ജയിലിലാണ്.
ഡല്‍ഹിയിലെ വിജയമാണ് ബിജെപിക്കു കൂടുതല്‍ ആശ്വാസമായത്. ആം ആദ്മി പാര്‍ട്ടിയും കോണ്‍ഗ്രസും കൈകോര്‍ത്തിട്ടും അവിടെ ആകെയുളള എഴു സീറ്റിലും ബിജെപി ജയിച്ചു. അരവിന്ദ് കേജരിവാളിന്റെ ജയില്‍വാസവും ജാമ്യത്തില്‍ ഇറങ്ങിയശേഷമുള്ള പ്രകടനങ്ങളും ഡല്‍ഹിയില്‍ ഏശിയില്ലെങ്കിലും രാജ്യത്തിന്റെ ഇതര ഭാഗങ്ങളില്‍ അതു കുറെയൊക്കെ ഫലം ചെയ്തിട്ടുണ്ടെന്നു കരുതുന്നവരുണ്ട്.
ബിജെപിയുടെ തെരഞ്ഞെടുപ്പു വിശകലനങ്ങളുടെ വിശദാംശങ്ങള്‍ പുറത്തുവന്നിട്ടില്ലെങ്കിലും പുതിയ മന്ത്രിസഭാ രൂപീകരണവും അതിന്റെ ഘടനയും അവര്‍ പഠിച്ച പാഠങ്ങളുടെ അടിസ്ഥാനത്തിലുള്ളതായിരിക്കും. ആ നിലയ്ക്കുള്ള നീക്കങ്ങളാണ് ഇപ്പോള്‍ നടക്കുന്നത്. കോണ്‍ഗ്രസിനെപ്പോലെ തന്ത്രങ്ങള്‍ അവരില്‍ പലരും അറിയുന്നതിനുമുമ്പു മാധ്യമങ്ങളില്‍ വരുന്നതുപോലെ ബിജെപിയില്‍ സംഭവിക്കാറില്ല. കഴിഞ്ഞ പത്തു വര്‍ഷത്തെ ഭരണവും പാര്‍ട്ടി പ്രവര്‍ത്തനങ്ങളും വിലയിരുത്തിയാല്‍ അതു മനസിലാവും. അതുകൊണ്ടുതന്നെ ഘടകകക്ഷികളുടെ സമ്മര്‍ദങ്ങള്‍ നേരിടുന്നതിനൊപ്പം പാര്‍ട്ടിക്കുള്ളിലെ പ്രശ്‌നങ്ങള്‍ പരിഹരിച്ചു കൂടുതല്‍ കരുത്താര്‍ജിക്കാനുള്ള ശ്രമങ്ങളും ഉണ്ടാവും.
ഉത്തര്‍പ്രദേശിലെ പരാജയത്തിന്റെ പ്രധാന കാരണം അവിടെ ബിജെപിയുടെ ഉന്നത നേതൃത്വത്തിലുള്ള ചില പടലപിണക്കങ്ങളാണെന്നു വാര്‍ത്തകള്‍ പുറത്തുവരുന്നുണ്ട്. പരാജയത്തിന്റെ ധാര്‍മിക ഉത്തരവാദിത്വം ഏറ്റെടുത്തു മുഖ്യമന്ത്രി യോഗി ആദിത്യനാഥ് രാജിക്കു സന്നദ്ധനായെന്നും പറയപ്പെടുന്നു. യോഗി നല്‍കിയ പട്ടികയിലുള്ള പലരും സ്ഥാനാര്‍ഥിലിസ്റ്റില്‍നിന്നും പുറത്തുപോയിരുന്നു. അതു ഡല്‍ഹിയിലെ ഇടപെടലായിരുന്നുവെന്നും വാര്‍ത്തയുണ്ട്. ഏതായാലും യോഗിയുടെ പട്ടിക തള്ളിയ മണ്ഡലങ്ങളിലാണ് ബിജെപിക്കു കൂടുതല്‍ തോല്‍വി സംഭവിച്ചത്. തീവ്രഹിന്ദുത്വവാദം ബിജെപിക്കു ക്ഷീണം ചെയ്തുവെന്നാണ് പൊതുവിലയിരുത്തലെങ്കിലും അതിനും മീതേയുള്ള കാരണങ്ങളും പുറത്തവരുന്നുണ്ട്. അയോധ്യ ഉള്‍പ്പെടുന്ന ഫൈസാബാദ് മണ്ഡലത്തിലെ പരാജയവും വാരാണസില്‍ മോദിയുടെ ഭൂരിപക്ഷം കുറഞ്ഞതും ഈ നിലയ്ക്കാണു വിലയിരുത്തപ്പെടുന്നത്. യുപിയില്‍ വലിയൊരു വിഭാഗം ബിജെപി അനുകൂല വോട്ടര്‍മാര്‍ വോട്ടെടുപ്പില്‍നിന്നു മാറി നിന്നതും ബിജെപി നേതൃത്വത്തിന്റെ ശ്രദ്ധയില്‍പെട്ടിട്ടുണ്ട്.
കേരളത്തിലും ന്യായീകരണ വിദഗ്ധര്‍ ചില കണക്കുകളുമായി രംഗത്തുണ്ട്. യുഡിഎഫിന് കഴിഞ്ഞ തവണത്തേക്കാള്‍ അഞ്ചു ശതമാനം വോട്ടു കുറഞ്ഞപ്പോള്‍ എല്‍ഡിഎഫിന് ഒരു ശതമാനത്തിന്റെ കുറവേ ഉണ്ടായിട്ടുള്ളൂ എന്നാണ് സിപിഎം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദന്റെ കണക്ക്. ആറ്റിങ്ങലിലെ 684 വോട്ടിന്റ പരാജയം ജയിച്ച തോല്‍വിയാണെന്നും തെര്‌ഞ്ഞെടുപ്പില്‍ വിജയവും പരാജയവും സ്വാഭാവികമാണെന്നും പരാജയത്തിന്റെ അടുത്ത ഘട്ടമാണ് വിജയമെന്നും എം. വി. ഗോവിന്ദന്റെ താത്വിക വിശകലനം. കോണ്‍ഗ്രസില്‍ താത്വിക വിശകലനമൊന്നുമില്ല, ഒളിപ്പോരുണ്ടുതാനും.
ഏതായാലും തെരഞ്ഞെടുപ്പു ഫലപ്രഖ്യാപനത്തിനുശേഷം കേരളത്തില്‍ സത്യന്‍ അന്തിക്കാട് സംവിധാനം ചെയ്ത ‘സന്ദേശം’ സിനിമയിലെ ചില രംഗങ്ങള്‍ നവമാധ്യമങ്ങളില്‍ നന്നായി പ്രചരിക്കുന്നുണ്ട്. പാര്‍ട്ടിയുടെ തോല്‍വിയുടെ കാരണം ലളിതമായ ഭാഷയില്‍ പറഞ്ഞുതരാന്‍ സിനിമയില്‍ ആവശ്യപ്പെടുന്ന ബോബി കൊട്ടാരക്കരയെപ്പോലുള്ളവര്‍ ഇന്നും പാര്‍ട്ടിയിലും പുറത്തും ഉണ്ട്. തീര്‍ച്ചയായും വരുന്ന നിയമസഭാ തെരഞ്ഞെടുപ്പില്‍ സംസ്ഥാന രാഷ്ട്രീയത്തില്‍ വീണ്ടും ചില പൊറാട്ടു നാടകങ്ങള്‍ അരങ്ങേറും. ലോക്‌സഭാ തെരഞ്ഞെടുപ്പിന്റെ ശരിയായ ദിശാസൂചികകള്‍ മനസിലാക്കാന്‍ പാര്‍ട്ടികള്‍ക്കും നേതാക്കള്‍ക്കും സാധിച്ചാല്‍ അതു നാടിനു ഗുണം ചെയ്യും.
നന്ദി, നമസ്‌കാരം.
സെർജി ആൻ്റണി
Leave a Reply